Wednesday, October 3, 2007

വിജയന്‍ മാഷ്‌ക്ക് ആദരാഞ്ജലികള്‍!

തീര്‍ച്ചയായും വിജയന്‍ മാഷ് മലയാള സാംസ്കാരിക മണ്ഡലത്തെ ആഴത്തില്‍ സ്വധീനിച്ച ഉന്നത വ്യക്തിത്വമാണ്.
അധ്യാപകനായും ചിന്തകനായും നിരൂപകനായും പ്രഭാഷകനായും നിറഞ്ഞു നിന്ന മാഷ് പ്രത്യക്ഷരാഷ്‌ട്രീയത്തില്‍ ഇടപെടാതെ രാഷ്ട്രീയരംഗത്തും മാറ്റങ്ങള്‍ക്ക് കളമൊരുക്കി.

ഫ്രോയ്‌ഡിന്റെ വീക്ഷണങ്ങളിലധിഷ്‌ടിമായി സാഹിത്യത്തെയും സാമൂഹിക പ്രതിഭാസങ്ങളെയും മനഃശാസ്ത്ര നിരൂപണത്തിനു വിധേയമാക്കി സാമൂഹിക ഇടപെടല്‍ തുടങ്ങിയ മാഷിന്റെ വാക്കിനും വരികള്‍ക്കും കവിതയുടെ സൌന്ദര്യവും ഖഡ്‌ഗത്തിന്റെ മൂര്‍ച്ചയുമുണ്ടായിരുന്നു.

എന്നും ഇടതുപക്ഷസഹയാത്രികനായിരുന്ന മാഷിനെ സാംസ്‌കാരികമായ ഒരു കുതിപ്പിനു സഹായിച്ചത് ഫ്രൊയ്‌ഡില്‍ നിന്നും മാര്‍ക്സിലേക്കുള്ള ചുവടുമാറ്റമാണെന്ന് ഇപ്പോള്‍ വാദിക്കുന്നവരുണ്ട്. വിജയന്‍ മാഷിന്‍ മാര്‍ക്സിസം കേവലം വൈകരികമായ ഒരു സംവേദന തലം മാത്രമായിരുന്നുവെന്നും സൈദ്ധാന്തികമായി ഫ്രൊയ്‌ഡിനെ അറിഞ്ഞ പോലെ മാര്‍ക്സിനെ അറിയാന്‍ അറിയാന്‍ മാഷിന് കഴിഞ്ഞില്ല എന്നും ഇടതുപക്ഷ ബുദ്ധിജീവികളുടെ വാദം ഇപ്പോള്‍ കേള്‍ക്കാനായി. മാഷിന്റെ എഴുത്തില്‍ നിറയെ ഫ്രോയ്യ്‌ഡ് ആയിരുന്നെന്നും പ്രസംഗത്തില്‍ മാത്രമേ മാര്‍ക്സ് കടന്നു വന്നുള്ളൂ എന്നുമാണ് അത്തരക്കാരുടെ ന്യായം.

മാഷിന്റെ ജീവിത കാലയളവിനെ മൂന്നായി വിഭജിച്ച് ആദ്യ രണ്ടു ഘട്ടങ്ങളില്‍ മാഷ് ശരിയായിരുന്നുവെന്നും മൂന്നാം ഘട്ടത്തില്‍ മാഷ് ശരികേടിലേക്ക് വഴുതിയെന്നും വാദിക്കുന്നത് ബൌദ്ധികകേരളം എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് ഞാന്‍ കൌതുകം കൊള്ളുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പൊതുവില്‍ ബാധിച്ച ജീര്‍ണ്ണതയും മൂല്യച്യുതിയും കേരളത്തിലും ബംഗാളിലും മാത്രം പാര്‍ട്ടിക്ക് ബാധകമല്ലെന്നും പാര്‍ട്ടിയെ ജനങ്ങളിലേക്ക് തിരികെയെത്തിക്കാന്‍ വിജയന്‍ മാഷ് നടത്തിയ ശ്രമങ്ങള്‍ റൊമാന്റിക് സങ്കല്‍പ്പങ്ങള്‍ മാത്രമായിരുന്നു എന്നും ജീര്‍ണ്ണത വലതുപക്ഷത്തിന്റെ മാത്രം കുത്തകയാണെന്നും വാദിക്കുന്നതില്‍ എത്രത്തോളം കഴമ്പുണ്ട്?

അതേ സമയം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുമ്പും തെറ്റുകള്‍ പിണഞ്ഞ സമയത്ത് മാഷ് മൌനം ഭജിച്ചതെന്തേ എന്ന ചോദ്യവും നിലനില്‍ക്കുന്നു.

വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത അവസാനശ്വാസം വരെ മാഷ് നിലനിര്‍ത്തി എന്നത് നാം നേരിട്ടു കണ്ടു കഴിഞ്ഞു. മാഷിന് മാഷിന്റേതായ ശരി - പാര്‍ട്ടി, പ്രസ്ഥാനം എന്നതിനപ്പുറം മാനുഷികമായ ഒരു ശരി- ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ ശരിയുമുണ്ട്. പാര്‍ട്ടിയുടെ ശരിയനുസരിച്ച് മാഷിന്റെ ശരി ശരിയാകാന്‍ വഴിയില്ലല്ലോ. എന്നാലും ജീര്‍ണ്ണതക്കും അഴിമതിക്കുമെതിരേ മാഷ് നടത്തിയ പോരാട്ടം നീതിപീഠം വരെ ശരിവെക്കുന്ന കാഴ്‌ച കണ്ടിട്ടാണ് മാഷ് യാത്രയായത്.

കേവലം രാഷ്ട്രീയമായ വിവാദങ്ങള്‍ക്കുമപ്പുറമാണ് മാഷിന്റെ സ്ഥാനം എന്ന കാര്യം നാം വിസ്‌മരിക്കരുത്. മഹാനായ അധ്യാപകന്‍ എന്ന നിലയില്‍ ക്ലാസ്സ് മുറിയിലും പുറത്തും അദ്ദേഹത്തിനുള്ള അസംഖ്യം ശിഷ്യഗണങ്ങള്‍ മാഷിന്റെ വീക്ഷണഗതികള്‍ക്ക് ഇനിയും ചൂടും വെളിച്ചവും പകരും എന്നു നമുക്ക് പ്രത്യാശിക്കാം.

മലയാള സാഹിത്യരംഗത്ത് നിരൂപകനെന്ന നിലയില്‍ മാഷ് നേടിയെടുത്ത ഔന്നത്യം എന്നും പുലരുക തന്നെ ചെയ്യും.

മാഷിന്റെ വേര്‍പാട് മലയാളത്തിന്റെ, മലയാളിയുടെ മഹാനഷ്‌ടങ്ങളിലൊന്നായി ഞാന്‍ കണക്കാക്കുന്നു.

ആദരാഞ്ജലികള്‍

15 comments:

Ziya said...

കേവലം രാഷ്ട്രീയമായ വിവാദങ്ങള്‍ക്കുമപ്പുറമാണ് മാഷിന്റെ സ്ഥാനം എന്ന കാര്യം നാം വിസ്‌മരിക്കരുത്. മഹാനായ അധ്യാപകന്‍ എന്ന നിലയില്‍ ക്ലാസ്സ് മുറിയിലും പുറത്തും അദ്ദേഹത്തിനുള്ള അസംഖ്യം ശിഷ്യഗണങ്ങള്‍ മാഷിന്റെ വീക്ഷണഗതികള്‍ക്ക് ഇനിയും ചൂടും വെളിച്ചവും പകരും എന്നു നമുക്ക് പ്രത്യാശിക്കാം.

മലയാള സാഹിത്യരംഗത്ത് നിരൂപകനെന്ന നിലയില്‍ മാഷ് നേടിയെടുത്ത ഔന്നത്യം എന്നും പുലരുക തന്നെ ചെയ്യും.

മാഷിന്റെ വേര്‍പാട് മലയാളത്തിന്റെ, മലയാളിയുടെ മഹാനഷ്‌ടങ്ങളിലൊന്നായി ഞാന്‍ കണക്കാക്കുന്നു.

ആദരാഞ്ജലികള്‍

Mubarak Merchant said...

ലാല്‍‌സലാം സഖാവേ..
ലാല്‍‌സലാം..

വേണു venu said...

അവസാന ശ്വാസം.
പറയാന്‍‍ തുടങ്ങിയതു് ഭാഷയെ കുറിച്ചായിരുന്നു. ബര്‍ടാണ്ടു് റെസ്സല്‍‍ എന്നോ മറ്റോ പറഞ്ഞു് (ഒന്നും ആജ്‌ തകു് ചാനലുകാരു് കേള്‍ക്കാന്‍‍ സമ്മതിക്കുന്നില്ലായിരുന്നു) പുറകോട്ടു മറിയുന്ന മഹാപ്രതിഭയെ കാണിക്കുന്നുണ്ടായിരുന്നു.‍‍ എന്‍റെ ആദരാഞ്ജലികള്‍‍.

Kumar Neelakandan © (Kumar NM) said...

ബര്‍ണാഡ് ഷാ ആയിരുന്നു വേണു.
അവസാനം പറഞ്ഞ വാക്ക് “ആദ്യം” എന്നും.

വല്ലാത്തൊരു അവസാനവാക്ക്.
സാംസ്കാരിക നായകന്മാര്‍ ഓരോരുത്തരായി പോകുന്നു. പുതുതായി വരുന്നവരുടെ എണ്ണം വളരെ കുറവും. സംസ്കാരം തന്നെ കളിയൊഴിഞ്ഞ് വിളക്കണച്ചു പോകും. അല്ലെങ്കില്‍ മാറിയ കാലം എന്നത് ഉള്‍ക്കൊണ്ട് പുതിയകാലത്തിന്റെ സംസ്കാരം മനപാഠമാക്കി പഠിക്കണം.

എല്ലാവര്‍ക്കും വയസാകുന്നു.

പ്രയാസി said...

ശരിയാണു സിയാ...
ഒരു പാര്‍ട്ടിക്കാരനായിരുന്നു എന്നതിനെക്കാള്‍
ജീര്‍ണ്ണതക്കും അഴിമതിക്കുമെതിരെ പോരാട്ടം നടത്തിയ ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നു വിജയന്‍ മാഷ്

ആ പോരാളിയുടെ വേര്‍പാടില്‍ സിയയോടൊപ്പം പ്രയാസിയും പങ്കു ചേരുന്നു...

(മഹാപ്രതിഭകള്‍ ഒരിക്കലും മരിക്കുന്നില്ല!)

Shamnar said...

കാലത്തിന്‍്റെ കുത്തൊഴുക്കില്‍
തണല്‍ മരങ്ങള്‍ കടപുഴകി വീഴുന്നു
ഈ കലികാലത്തെ നേരിടാന്‍
ഇനിയാരുണ്ട് ഞങ്ങള്‍ക്കഭയം

നേരിന്‍്രെ കൂടെ നിന്നോരു ഗുരുവേ
നേരുന്നു അങ്ങേക്കാദരാഞ്ജലികള്‍

G.MANU said...

വിജയന്‍ മാഷിന്‍റെ വ്യക്തിത്വത്തിനു മുന്നില്‍ ഞാന്‍ എന്‍റെ മനസ്‌ അടിയറവച്ചിരുന്നൂ പണ്ടേ...
ആ ചിന്തകളില്‍ ഞാന്‍ കൂടി കൂട്ടിയിരുന്നു..

ഒന്നും പറയാന്‍ തോന്നുന്നില്ല ഇപ്പോള്‍

krish | കൃഷ് said...

ആദരാഞ്ജലികള്‍.

കുറുമാന്‍ said...

നല്ല വിലയിരുത്തല്‍ സിയാ.....

വിജയന്‍ മാഷിനു ആദരാഞ്ജലികള്‍

Radheyan said...

വിജയന്‍ മാഷ് ശരിയായിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ അദ്ദേഹം സത്യസന്ധതയായിരുന്നു.തന്റെ ശരികളോട് അസാധരണമാം വിധം സത്യസന്ധന്‍.

പറശിനിക്കടവിലെ മൃഗമേധത്തോടും തലശേരിയിലെ നരമേധത്തോടും അദ്ദേഹം സ്വീകരിച്ച സമീപനങ്ങളോട് വിയോജിക്കുമ്പോഴും പില്‍ക്കാലത്ത് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ പ്രസ്ഥാനത്തില്‍ അദ്ദേഹം പുലര്‍ത്തിയ അചഞ്ചലമായ വിശ്വാസത്തെ നമുക്ക് കാണാതെ വയ്യ.

ഒരു പക്ഷെ മജീദിന്റെ എയിഡ്സ് മരുന്നിനെ അനുകൂലിച്ച് വാദിക്കുമ്പോള്‍ അദ്ദേഹം അതിന്റെ രോഗപ്രതിരോധശേഷിയെ കുറിച്ച് തന്റെ ധാരണകള്‍ സത്യമെന്ന് തന്നെ വിശ്വസിച്ചിരുന്നു.എത്രത്തോളം യുക്തിസഹമായിരുന്നു ആ വിശ്വാസമെന്നത് മറ്റൊരു സംഗതി.

സൊമ്യമായി എന്നാല്‍ ദൃഡമായി മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ.അധികാരത്തിന്റെയോ ശക്തിയിടെയോ മറ്റെന്തിന്റെയെങ്കിലുമോ പ്രമത്തത കലരാത്ത വാക്കുകള്‍.എങ്കിലും അനേകായിരം പേരുടെ മുകളില്‍ മേധാശക്തി പുലര്‍ത്തി ആ സൌമ്യവചനധാര.

യേശുവില്‍ നിന്നും നബിയില്‍ നിന്നും ബുദ്ധനില്‍ നിന്നും കാലം കേട്ട പ്രവാചക സ്വഭാവമുള്ള സംഭാഷണശൈലി എങ്ങനെ ഈ സാധാരണക്കാരനായ അസാധാരണക്കാരന് കിട്ടി എന്നത് എനിക്ക് എന്നും അല്‍ഭുതമായിരുന്നു.ഒരുപക്ഷെ ജീവതത്തില്‍ ഒട്ടും നാടകീയത കലരാത്ത ഈ മഹാത്മാവിന്റെ അന്ത്യനിമിഷത്തിലെ നാടകീയത പോലും വിധികല്‍പ്പിതമാവാം.

അദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനായിരിക്കാം.പക്ഷെ അദ്ദേഹം കമ്മ്യൂണിസം എന്ന മഹത്തായ ചിന്താധാരക്ക് ഒരിക്കലും അനഭിമതനല്ല എന്നു മാത്രമല്ല അഗോളമൂലധത്തിന്റെ ആധുനികകാല വെല്ലുവിളികളെ സമൂഹം നേരിടുക മാഷിന്റെ തെളിഞ്ഞ പ്രത്യയശാസ്ത്രബോധത്തിലൂന്നിയായിരിക്കും.

പീഡിതര്‍ക്കും നിന്ദിതര്‍ക്കുമായി മരിക്കും വരെ ജീവിച്ച പ്രിയ സഖാവെ സ്മരണയായി,ബോധമായി,ജ്വാലയായി ഞങ്ങളെ നയിച്ചാലും.നിനക്കു മരണമില്ല.

മന്‍സുര്‍ said...

സിയാ...

ഈ ദുഃഖത്തില്‍ നിങ്ങള്‍ക്കൊപ്പം ഞാനും

വിജയന്‍ മാഷിന്റെ ആത്മാവിന്‌ ദൈവം ശാന്തിയും,സമാധാനവും പകരട്ടെ...പ്രാര്‍ത്ഥനകളോടെ


നന്‍മകള്‍ നേരുന്നു

കരീം മാഷ്‌ said...

രാഷ്ട്രീയ രംഗത്തെ നഷ്ടത്തെക്കാള്‍ എന്നെ വേദനിപ്പിക്കുന്നതു സാഹിത്യനിരൂപണ രംഗത്തെ തീരാ ഷ്ടം ആണു മാഷിന്റെ ദേഹവിയോഗം കൊണ്ടുണ്ടായിരിക്കുന്നത്.
എന്റെ ചിന്താഗതിയുമായി ഈ ലേഖനം ഒത്തു പോകുന്നു.
സിയക്കു നന്ദി.

Ziya said...

അഴീക്കോട്, ചുള്ളിക്കാട്, അശോകന്‍ ചെരുവില്‍....
ഇവര്‍ സാംസ്‌കാരിക ഗുണ്ടകളോ അതോ ശവം തീനികളോ?

Unknown said...

ആരും മരണത്തിന് അതീതരല്ലെന്നും , മരണം ആരെ ഏത് രൂപത്തില്‍ എപ്പോള്‍ കീഴ്പ്പെടുത്തും എന്നത് പ്രവചനാതീതമാണെന്നും അഴീക്കോടും പ്രഭൃതികളും ആലോചിക്കണമായിരുന്നു .
എന്റെ അഭിപ്രായം ഇവിടെ

Raji Chandrasekhar said...

എന്റെ പോസ്റ്റിലേയ്ക്ക് ലിങ്ക് ചെയ്യുന്നു. സദയം അനുവദിക്കുക. മരണം ഇങ്ങനെയായിരിക്കണം