Tuesday, July 31, 2007

മ‌അദനിയെ കുറ്റവിമുക്തനാക്കി

ഒടുവില്‍ അബ്ദുല്‍ നസര്‍ മ‌അദനിയെ കുറ്റവിമുക്തനാക്കി.
ജാമ്യം പോലും ലഭിക്കാത്ത അദേഹത്തിന്റെ പത്തു വര്‍ഷങ്ങള്‍!
ഒരു നിരപരാധിയുടെ പത്തു വര്‍ഷങ്ങള്‍!
സഹതപിക്കാം നമുക്ക് നിയമവാഴ്‌ച്ചയോട്...
സഹതപിക്കാം നമുക്ക്...

Sunday, July 29, 2007

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം...

മലയാളമണ്ണിനെ തൊട്ടറിഞ്ഞു കവിത തുളുമ്പുന്ന ഗാനങ്ങള്‍ രചിച്ചിരുന്ന മഹാരഥന്മാര്‍ക്കു ശേഷം മലയാള ചലച്ചിത്ര ഗാനശാഖ കൊയ്‌ത്തൊഴിഞ്ഞ പാടം പോലെ ശൂന്യമായിരുന്നു. അവിടവിടെയായി മുളക്കുന്ന പൊട്ടും കളയും കൊണ്ട് നാം തൃപ്‌തിപ്പെടുകയോ സ്വയം ശപിക്കുകയോ ഒക്കെ ചെയ്യുന്ന വര്‍ത്തമാന കാലം. പ്രതീക്ഷയുണര്‍ത്തി രംഗത്തെത്തിയ ചിലര്‍ക്ക് പുതുമഴയിലെ തകരയാവാനായിരുന്നു വിധി. അര്‍ത്ഥമില്ലാത്ത പദങ്ങള്‍ അസ്ഥാനത്ത് തിരുകിക്കയറ്റി പോര്‍വിളി നടത്തുന്ന ഗാനരചയിതാക്കളും ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുന്ന കാടന്‍ സംഗീതവുമായി ചില സംഗീതസംവിധായകരും. വയലാറിനും ഭാസ്‌കരന്‍ മാഷിനും ദേവരാജന്‍ മാഷിനും രാഘവന്‍ മാഷിനും രവീന്ദ്രന്‍ മാഷിനും ശേഷം ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സ്ഥിതിവിശേഷം.

നൈരാശ്യത്തിന്റെ ഊഷരഭൂമിയില്‍ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികളെ മനംകുളുര്‍പ്പിക്കുന്ന വസന്തകാലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഇന്നിതാ ഇവിടെ ഒരു കവി ഉണ്ടായിരിക്കുന്നു.

അറബിക്കഥ എന്ന ചിത്രത്തിലൂടെ അതിമനോഹരമായ ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച കായംകുളം പനച്ചൂര്‍ വീട്ടില്‍ അനില്‍ എന്ന അനില്‍ പനച്ചൂരാനാണ് മലയാളഗാനങ്ങളുടെ വസന്തകാലത്തേക്ക് നമ്മെ മടക്കിക്കൊണ്ടു പോകുന്നത്.

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം എന്നത് വെറുംവാക്കല്ല എന്ന് ഓരോവരിയിലൂടെയും കവി നമ്മെ ബോധ്യപ്പെടുത്തുന്നു. അനിലെന്ന കവിയെയും അനിലിന്റെ പ്രതിഭാവൈദഗ്‌ധ്യത്തെയും വളരെയടുത്ത് പരിചയമുള്ള ഞങ്ങള്‍ കായംകുളത്തുകാര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്- അനില്‍ പനച്ചൂരാന്‍ മലയാള ചലച്ചിത്ര ഗാനശാഖക്ക് ഒരു മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യുമെന്ന്.

ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമക്ക് വേണ്ടിയാണ് അനില്‍ പനച്ചൂരാന്‍ ആദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്നത്. ആ സിനിമയില്‍ അനില്‍ എഴുതിയ ഭ്രാന്തി എന്ന കവിത ജയരാജ് ഉപയോഗിച്ചിട്ടുണ്ട്. കായംകുളം ഗവണ്മെന്റ് ആശുപത്രി പരിസരത്തും മറ്റും കറങ്ങി നടന്നിരുന്ന ഒരു ഭ്രാന്തിക്ക് ഏതോ സാമൂഹ്യവിരുദ്ധര്‍ കുഞ്ഞിനെ സമ്മാനിച്ചപ്പോള്‍ അനില്‍ കവിതയിലൂടെ പ്രതികരിച്ചു.

“ഇടവമാസപ്പെരുമഴ പെയ്ത രാവില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നൂ
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍ പതിഞ്ഞൂ
തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍
ഇരുളും തുരന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോളറിയാതെയിട നെഞ്ച് തേങ്ങി

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടൂ
ന‌ഗ്നയാമവളുടെ തുട ചേര്‍ന്ന് പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും
............................................
............................................
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍ നിലാവില്ലാ
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു പോയവള്‍ നോവും നിറമാറുമായി
.............................................
.............................................
ഭരണാധിവര്‍ഗ്ഗങ്ങളാരുമറിഞ്ഞില്ല ഉദരത്തിനുള്ളിലെ രാസമാറ്റം
ഉലകത്തിലൊക്കെയും തകിടം മറിയുന്ന ഭരണത്തിലല്ലയോ നോട്ടം
..............................................
....................................................“

സായാഹ്നക്കൂട്ടായ്‌മയിലും കവിയരങ്ങുകളിലും അനില്‍ കവിത ചൊല്ലി ഞങ്ങളെ ആവേശഭരിതരാക്കിയിരുന്നു.

“പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം കൊഴിഞ്ഞു പോയി...
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി”

പ്രവാസിയുടെ നൊമ്പരം വാക്കുകളില്‍ സ്വാംശീകരിച്ച് അനില്‍ അക്കാലത്തെഴുതിയ കവിതയാണ് അറബിക്കഥയില്‍ തേനൂറും ശബ്‌ദത്തില്‍ ഗാനഗന്ധര്‍വ്വന്‍ ആലപിച്ചിരിക്കുന്ന തിരികേ മടങ്ങുവാന്‍ എന്ന ഗാനം.

“തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരിക്കെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തായം തണുപ്പും ഞാന്‍ കണ്ടു“

നമ്മുടെ നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ അതീവ ഹൃദ്യവും ലളിതവുമായ വരികള്‍.

“താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങ് ദൂരെ
വാടാമലരുകള്‍ വിടരും പാടം നെഞ്ചില്‍ ഇട നെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം
ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളി പോലൊരു കൊയ്‌ത്തരിവാളുണ്ടോ...
കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ...”

പ്രണയം വാടാമലരാണെന്ന സങ്കല്‍പ്പം. ഇവിടെ കൊയ്‌ത്തരിവാള്‍ അറബിക്കഥ എന്ന സിനിമ ആവശ്യപ്പെടുന്ന ഒരു പ്രതീകവുമാണ്. “പൊന്നരിവാളമ്പിളിയില്‍“ എന്ന ഗാനത്തിന്റെ പശ്ചാത്തലം സംഗീതസംവിധായകന്‍ ഈ പാട്ടിന്റെ തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്നു.

ഈ സിനിമയില്‍ ഒരു വിപ്ലവഗാനമുണ്ട്. അനില്‍ തന്നെയാണ് അത് പാടി അഭിനയിച്ചിരിക്കുന്നത്. വിപ്ലവത്തിനു എന്തു പ്രസക്തി എന്ന ചോദ്യമുയരുന്ന കാലമാണെങ്കിലും പഴയ വിപ്ലവസ്‌മരണകളെ ജ്വലിപ്പിച്ച് നമ്മെ കോള്‍മയിര്‍ കൊള്ളിക്കാന്‍ ഈ കവിതക്ക് കഴിയുന്നു. തോപ്പില്‍ ഭാസിയും വയലാറുമൊക്കെ കെപി‌എസി എന്ന നാടകക്കളരിയിലൂടെ ജ്വലിപ്പിച്ച വിപ്ലവം. കെപി‌എസിയുടെ നാട്ടുകാരന്‍ അവര്‍ക്ക് പിന്മുറക്കാരനാകുന്നു എന്നത് കാലത്തിന്റെ ഓര്‍മ്മപുതുക്കലാവാം.

“ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ...
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..


മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്..
കാരിരുമ്പിലെ തുരുമ്പ് മായ്‌ക്കണം ജയത്തിനായ്..

നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ട് പോയ ജന്മികള്‍ ചരിത്രമായ്..
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍,
പോരടിച്ചു കൊടി പിടിച്ച് നേടിയതീ മോചനം..

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍,
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ..?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസുകള്‍
കണ്ണു നീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ..?


പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുചേര്‍ക്കുകിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം,നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം..

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം..
നാള്‍ വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം..
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്കു സ്വപ്നമൊന്നു തന്നെയന്നുമിന്നുമെന്നുമേ... “

സംഗീത സംവിധാനം നിര്‍വ്വഹിച്ച ബിജിബാല്‍ പ്രതീക്ഷയുണര്‍ത്തുന്നു. ഫാസ്റ്റ് നമ്പറുകളുടെ ഇക്കാലത്ത് മെലോഡി ‘പരീക്ഷിച്ച് ‘ വിജയിച്ച ബിജിബാലിന്റെ ധൈര്യം, താരതമ്യേന നവാഗതരായ അനില്‍ പനച്ചൂരാനിലും ബിജിബാലിലും വിശ്വാ‍സമര്‍പ്പിച്ച ലാല്‍ ജോസിന്റെ ധൈര്യം...

ഈ ധൈര്യമാണ് നമുക്ക് കേള്‍ക്കാനും ഓര്‍ക്കാനും സുഖമുള്ള ചില ഗാനങ്ങള്‍ സമ്മാനിച്ചത്.

Saturday, July 21, 2007

കൂട്ടക്കൊലക്കിടയിലെ ചെങ്കൊടി വര്‍ണ്ണം!!!

Sunday, July 15, 2007

ചിക്കന്‍ അല്ല ചിക്കുന്‍ സോറി ചിഗുണ്‍ ഗുനിയ.

നാട് പനിച്ചൂടില്‍ തിളക്കുകകയാണ്. ചിഗുണ്‍ ഗുനിയ, പകര്‍ച്ചപ്പനി, തക്കാളിപ്പനി, പേരറിയാപ്പനി...
പനിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സര്‍ക്കാരും ജനങ്ങളും.

പനിനിവാരണത്തിനും പ്രതിരോധത്തിനും വ്യക്തമായ മാര്‍ഗ്ഗമില്ലാതെ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാരും കൊതുകു നശീകരണത്തിലും പരിസരശുചീകരണത്തിലും അലംഭാവം കാട്ടുന്ന ജനങ്ങളും.

ശുചീകരണ യജ്ഞങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ മറക്കുന്ന ഒരു കാര്യമുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനം കൊണ്ടു മാത്രം ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാന്‍ കഴിയില്ല എന്നതാണത്.
ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന ഈഡിസ് സ്പീഷിസില്‍പ്പെട്ട കൊതുകുകള്‍ മുട്ടയിടുന്നത് മലിനജലത്തിലല്ല; കൃത്രിമമായ സ്രോതസ്സുകളില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് .സ്വാഭാവിക ജലസ്രോതസ്സുകളായ കിണര്‍, കുളം എന്നിവടങ്ങളില്‍ ഇവമുട്ടയിടാറില്ലെന്നത് പ്രകൃതിയുടെ സംരക്ഷണമാണെന്നു തോന്നുന്നു. 10 മില്ലിഗ്രാം ജലത്തില്‍ 200 മുട്ടകള്‍ വരെ ഇവ ഇടാറുണ്ട്.

നമ്മുടെ പറമ്പില്‍ കിടക്കുന്ന ഒരു കുപ്പിയുടെ അടപ്പ്, സൈക്കിള്‍ ടയര്‍, മണ്‍പാത്രങ്ങള്‍, ചിരട്ട, തൊണ്ട്, പൈപ്പ് ഇങ്ങനെ മഴവെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളിടത്തൊക്കെ ഈ കൊതുകള്‍ മുട്ടയിടുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഈ കൊതുകുകള്‍ പെരുകുവാന്‍ കാരണം റബ്ബര്‍മരങ്ങളിലെ ചിരട്ടകളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതാണ്. കറുപ്പുനിറം ഈ കൊതുകകളെ ആകര്‍ഷിക്കുകയും ചെയ്യും.

ആയതിനാല്‍ ഇങ്ങനെ ശുദ്ധജലം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുകയും അത്തരം സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ് പ്രധാനമായും വേണ്ടത്. എന്റെ വീടിന്റെ പരിസരത്ത് ഇത്തരം സ്ഥലം ഞാന്‍ കണ്ടെത്തിയപ്പോള്‍ കൂത്താടിയെ കണ്ട് ഞെട്ടിപ്പോയി.

വ്യക്തിശുചിത്വത്തില്‍ മുന്നിലും പരിസരശുചിത്വത്തില്‍ അപകടകരമാം വിധം പിന്നിലുമായ മലയാളി സമൂഹം നമ്മുടെ പരിസരം നിരീക്ഷിച്ച് വേണ്ട മുന്‍‌കരുതലുകള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.