Friday, August 17, 2007

ഓര്‍മ്മയിലൊരോണം

ഓര്‍മ്മയിലൊരോണം വീണ്ടുമുണരുന്നു
തന്ത്രികളില്‍ തപ്പുതുടി താളമുയരുന്നു
കരളില്‍ പൂവള്ളി പൂത്തുവിടരുന്നു
കാലം മലര്‍ക്കുടകള്‍ മെല്ലെ നിവര്‍ത്തുന്നു

ഓണക്കനവില്‍ ലയിക്കുന്നു ഹൃത്തം
ഓണക്കാഴ്‌ചകള്‍ തേടുന്നു
മനസ്സിലെക്കിളി മെല്ലെയുണരുന്നു പിന്നെ-
യാവണിപ്പാടം പുല്‍കുന്നു


‘ഇല്ലം നിറ വല്ലം നിറ’ പാട്ടൊഴിഞ്ഞൂ-മണ്ണില്‍
പുളകമായ് പൊന്നോണം ചാര്‍ത്തണഞ്ഞൂ
പൂവിളി കേള്‍ക്കുന്നു, പൂക്കളം കാണുന്നു
പൂവാകമേലൂഞ്ഞാലാടുന്നൂ

ഓണത്തപ്പനെ കാക്കുന്നു മണ്ണ്
ഓണവെയിലില്‍ തുടിക്കുന്നു
ഓണമായോണമായ് പൂക്കുന്നു വിണ്ണ്
ഓണനിലാവ് പൊഴിക്കുന്നു

ഓളങ്ങള്‍ തല്ലിച്ചിരിക്കുന്നു തെയ് തെയ്
ഓടങ്ങളില്‍ ആര്‍പ്പ് നിറയുന്നു
ഓണക്കിനാവുകള്‍ മായുന്നു നെഞ്ചില്‍
നൊമ്പരം മെല്ലെ നിറയുന്നു

പാടുവാന്‍ പാട്ടുകളില്ലാഞ്ഞോ ഇന്ന്
കാണുവാന്‍ കാഴ്‌ചകളില്ലാഞ്ഞോ
മാവേലിമന്നാ പൊറുക്കേണം എന്‍
മനസ്സിലെപ്പൊന്‍കിളി മയങ്ങിപ്പോയ്...