Monday, April 30, 2007

സംഗീതപ്പെരുമഴ

ഇപ്പം കേരളത്തില്‍ പാട്ടുകാരെ മുട്ടാണ്ട് നടക്കാന്‍ വയ്യ എന്നായിരിക്ക്‍ണൂ.
ചാനലായ ചാനലിലെല്ലാം സംഗീതോത്സവങ്ങള്‍, മത്സരങ്ങള്‍, ഡെപ്പാങ്കൂത്തുകള്‍...
മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയ സിനിമകളെല്ലാം പൌപ്പത്ത് പ്രാവശ്യം എല്ലാ ചാനലുകളും കൂടി കാണിച്ചിട്ടുണ്ടാവും.
പിന്നെ സമയം നിറക്കാന്‍ പാട്ടും പാട്ടു മത്സരങ്ങളും.
പാട്ട് സിനിമ, സിനിമ പാട്ട്, പാട്ട് സിനിമ
കല്പവൃക്ഷമായ തെങ്ങിന്റെ ഒരു ഭാഗവും കളയില്ല എന്ന പോലെയാണ് സിനിമയും പാട്ടും ചാനലില്‍ നിറയുന്നത്.
പാ‍ട്ട് തേങ്ങയായും പാട്ട് കരിക്കായും പാട്ട് കൊപ്രയായും പാട്ട് വെളിച്ചെണ്ണയായും പാട്ട് ഓലയായും പാട്ട് ഈര്‍ക്കിലിയായും പാട്ട് കൊതുമ്പായും പാട്ട് മച്ചിങ്ങയായും പാട്ട് പൂക്കുലയായും പാട്ട് പട്ടയായും (തെങ്ങിന്‍ പട്ട) പാട്ട് തടിയായും പാട്ട് പൊറ്റയായും ചാനലുകാര്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നു.
ഒരു പാട്ടും ഒന്നരമില്യണ്‍ പരിപാടികളും.
മത്സരങ്ങള്‍ ആഹ!
ഗന്ധര്‍വ്വ സംഗീതം, ഐഡിയ സ്റ്റാര്‍ സിംഗര്‍, മൈനസ് ട്രാക്ക്, ലിറ്റില്‍ മാസ്റ്റര്‍, സൂപ്പര്‍സ്റ്റാര്‍, മൂസിക്കല്‍ ചെയര്‍, സരിഗമപ, പധനിസ ഗാ...
അപ്പം പറഞ്ഞു വന്നത് മത്സരാര്‍ത്ഥികളേ സഹിക്കാം...
ഈ ജഡ്‌ജിമാരെ സഹിക്കണ കാര്യം....
ഹെന്റ ദൈവമേ! ഞങ്ങള്‍ക്കായി അങ്ങ് ഈ സാധനങ്ങളെ ഏതു പാതാളത്തില്‍ നിന്ന് അവതരിപ്പിച്ചു പ്രഭോ?!
ഏതെങ്കിലും ചാനലില്‍ എപ്പളെങ്കിലും 3 വരി പാടിയതിന്റെ പേരില്‍ ജഡ്‌ജിയായ,
സംഗീത സാഗരം നീന്തിക്കടന്ന, സര്‍വ്വം തികഞ്ഞ ഈ മഹാ സംഗീതജ്ഞരുടെ അഭിപ്രായപ്രകടനങ്ങളുടെയും ഉപദേശങ്ങളുടെയും മുന്നില്‍ പകച്ചു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ രൂപം സ്വപ്നത്തില്‍ പോലും എന്നെ വേട്ടയാടുന്നു.
ആകയാല്‍ ഒരു നിര്‍ദ്ദേശം മാത്രം.
പുതിയൊരു സംഗീത മത്സരം കൂടി നടത്തുക.
കുരുന്നു മക്കളും ഈ ജഡ്‌ജിമാരും മത്സരത്തില്‍ പങ്കെടുക്കട്ടെ.
ദക്ഷിണാമൂര്‍ത്തി സ്വാമിയും ഇളയരാജയും വിധികര്‍ത്താക്കളാകട്ടെ...
ജഡ്‌ജിമാരില്‍ പലരും ആദ്യറൌണ്ടില്‍ പുറത്തായില്ലെങ്കില്‍...
ദേ, ഈ സംഗീതപരിപാടി മുഴുവന്‍ റെക്കോഡ് ചെയ്ത് എന്നെ കാണിച്ചോളൂ...