Tuesday, October 16, 2007

എസ് ഐയും പാര്‍ട്ടീം

സംഭവ കഥയാണ്. പേരുകള്‍ സാങ്കല്‍പ്പികമാണെന്ന് മാത്രം.
പതിനെട്ടരക്കമ്പനിയിലെ ഷിബുവിന് അയലത്തെ അനുവിനോട് കലശലായ് പ്രേമം.
അസൂയ പൂണ്ട ഞങ്ങള്‍ ഷിബുവിനൊട്ടൊന്ന് പണിയാന്‍ തീരുമാനിച്ചു.
ഞങ്ങളഞ്ചാറു പേര്‍ ഒന്നിച്ച് ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് ഷിബുവിനെ വിളിച്ചു.

“ഷിബുവാണോടാ? കരീലക്കുളങ്ങര എസ് ഐ ആണ് സംസാരിക്കുന്നത്. നീയാണോടാ പീഡനവീരന്‍? ഇനി ആ പെണ്ണിന്റെയെങ്ങാനും പൊറകേ നടന്നാല്‍ നിന്റെ നെഞ്ചാങ്കൂട് ഞാന്‍ ഇടിച്ചൊടിക്കും...#$%^& മനസ്സിലായോടാ?”

പാവം ഷിബു! പേടിച്ചു ഫോണ്‍ വെച്ചു.

“അവന്‍ വെച്ചു കളഞ്ഞു“. ഞാന്‍ പറഞ്ഞു.
“ആഹാ അങ്ങനെ വിട്ടാല്‍ പറ്റത്തില്ലല്ലോ? ഒന്നൂടെ വിളിക്കെഡാ...രണ്ട് പറഞ്ഞിട്ടേയുള്ളൂ...”
കൂട്ടത്തിലെ സാബുവിന് കലിപ്പ് തീരുന്നില്ല.
“എന്നാ ഒന്നൂടെ വിളിക്കാമല്ലേ” ഞാന്‍ സൂത്രത്തില്‍ സാബുവിന്റെ ബാപ്പയുടെ നമ്പര്‍ ഡയല്‍ ചെയ്‌ത് റിസീവര്‍ സാബുവിന്റെ കയ്യില്‍ കൊടുത്തു.

“ഹലോ" അങ്ങേത്തലക്കല്‍ നിന്നും.
“ഡാ പട്ടീ പറഞ്ഞത് കേട്ടോടാ...ലോക്കപ്പി കേറ്റി വാരിയെല്ല് ഊരിയെടുക്കും ഞാന്‍ പറഞ്ഞേക്കാം”
“ഹലോ, ആരാ സംസാരിക്കുന്നത്? എന്തുവാ പറയുന്നത്...”
“ഞാന്‍ കരീലക്കുളങ്ങര എസ് ഐ ആണെടാ....മരിയാദക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞോണം. ഇല്ലേ നിന്റെ എല്ലൂരും ഞാന്‍ റാസ്‌കല്‍! %^&*#മോനേ ”
ബാപ്പാന് പൊന്നുമോന്റെ സ്വരം കത്തി.
“ഡാ, വേലേം കൂലീമില്ലാതെ കല്ലിന്റെ പൊറത്ത് കുത്തിയിരിക്കുമ്പം എസൈയാ സര്‍ക്കിളാ എന്നൊക്കെ പലതും തോന്നും..എന്റെ മോന്‍ ഇഞ്ഞ് വീട്ടി വാ കേട്ടോ...തരാം”

പൊന്നുമോനു ബാപ്പാന്റെ സൊരവും കത്തി.

കിലുകിലാ വിറക്കുന്ന സാബുവിനെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങള്‍ അട്ടഹസിച്ചു.

ഉച്ച മുതല്‍ കല്ലിന്‍‌പുറത്ത് ഒരേ ഇരുപ്പ്. വീട്ടില്‍ പോകില്ല സാബു. രാത്രിയായി. ഒരു എട്ടു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അഞ്ചാറു പേര്‍ ചേര്‍ന്ന് വീട്ടില്‍ കൊണ്ടു വിടാന്‍ തീരുമാനിച്ചു. തുള്ളല്‍പ്പനി പിടിച്ചവനെ വൈദ്യന്റെ വീട്ടില്‍ കൊണ്ടു പോകുന്ന മാതിരി സബുവിനേം കൊണ്ട് ഞങ്ങള്‍ അവന്റെ വീട്ടിലേക്ക്.
വീടെത്തി. കോളിംഗ് ബെല്ലടിച്ചു. ബാപ്പ വന്നു. എല്ലാരേം ഒന്നു നോക്കി. എന്നിട്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
“എടിയേ, ദാണ്ടെ എസ് ഐയും പാര്‍ട്ടീം വന്നു നില്‍ക്കുന്നു. വല്ലോം ഒണ്ടെങ്കി കൊടുത്തു വിട്....”

Wednesday, October 3, 2007

വിജയന്‍ മാഷ്‌ക്ക് ആദരാഞ്ജലികള്‍!

തീര്‍ച്ചയായും വിജയന്‍ മാഷ് മലയാള സാംസ്കാരിക മണ്ഡലത്തെ ആഴത്തില്‍ സ്വധീനിച്ച ഉന്നത വ്യക്തിത്വമാണ്.
അധ്യാപകനായും ചിന്തകനായും നിരൂപകനായും പ്രഭാഷകനായും നിറഞ്ഞു നിന്ന മാഷ് പ്രത്യക്ഷരാഷ്‌ട്രീയത്തില്‍ ഇടപെടാതെ രാഷ്ട്രീയരംഗത്തും മാറ്റങ്ങള്‍ക്ക് കളമൊരുക്കി.

ഫ്രോയ്‌ഡിന്റെ വീക്ഷണങ്ങളിലധിഷ്‌ടിമായി സാഹിത്യത്തെയും സാമൂഹിക പ്രതിഭാസങ്ങളെയും മനഃശാസ്ത്ര നിരൂപണത്തിനു വിധേയമാക്കി സാമൂഹിക ഇടപെടല്‍ തുടങ്ങിയ മാഷിന്റെ വാക്കിനും വരികള്‍ക്കും കവിതയുടെ സൌന്ദര്യവും ഖഡ്‌ഗത്തിന്റെ മൂര്‍ച്ചയുമുണ്ടായിരുന്നു.

എന്നും ഇടതുപക്ഷസഹയാത്രികനായിരുന്ന മാഷിനെ സാംസ്‌കാരികമായ ഒരു കുതിപ്പിനു സഹായിച്ചത് ഫ്രൊയ്‌ഡില്‍ നിന്നും മാര്‍ക്സിലേക്കുള്ള ചുവടുമാറ്റമാണെന്ന് ഇപ്പോള്‍ വാദിക്കുന്നവരുണ്ട്. വിജയന്‍ മാഷിന്‍ മാര്‍ക്സിസം കേവലം വൈകരികമായ ഒരു സംവേദന തലം മാത്രമായിരുന്നുവെന്നും സൈദ്ധാന്തികമായി ഫ്രൊയ്‌ഡിനെ അറിഞ്ഞ പോലെ മാര്‍ക്സിനെ അറിയാന്‍ അറിയാന്‍ മാഷിന് കഴിഞ്ഞില്ല എന്നും ഇടതുപക്ഷ ബുദ്ധിജീവികളുടെ വാദം ഇപ്പോള്‍ കേള്‍ക്കാനായി. മാഷിന്റെ എഴുത്തില്‍ നിറയെ ഫ്രോയ്യ്‌ഡ് ആയിരുന്നെന്നും പ്രസംഗത്തില്‍ മാത്രമേ മാര്‍ക്സ് കടന്നു വന്നുള്ളൂ എന്നുമാണ് അത്തരക്കാരുടെ ന്യായം.

മാഷിന്റെ ജീവിത കാലയളവിനെ മൂന്നായി വിഭജിച്ച് ആദ്യ രണ്ടു ഘട്ടങ്ങളില്‍ മാഷ് ശരിയായിരുന്നുവെന്നും മൂന്നാം ഘട്ടത്തില്‍ മാഷ് ശരികേടിലേക്ക് വഴുതിയെന്നും വാദിക്കുന്നത് ബൌദ്ധികകേരളം എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് ഞാന്‍ കൌതുകം കൊള്ളുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പൊതുവില്‍ ബാധിച്ച ജീര്‍ണ്ണതയും മൂല്യച്യുതിയും കേരളത്തിലും ബംഗാളിലും മാത്രം പാര്‍ട്ടിക്ക് ബാധകമല്ലെന്നും പാര്‍ട്ടിയെ ജനങ്ങളിലേക്ക് തിരികെയെത്തിക്കാന്‍ വിജയന്‍ മാഷ് നടത്തിയ ശ്രമങ്ങള്‍ റൊമാന്റിക് സങ്കല്‍പ്പങ്ങള്‍ മാത്രമായിരുന്നു എന്നും ജീര്‍ണ്ണത വലതുപക്ഷത്തിന്റെ മാത്രം കുത്തകയാണെന്നും വാദിക്കുന്നതില്‍ എത്രത്തോളം കഴമ്പുണ്ട്?

അതേ സമയം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുമ്പും തെറ്റുകള്‍ പിണഞ്ഞ സമയത്ത് മാഷ് മൌനം ഭജിച്ചതെന്തേ എന്ന ചോദ്യവും നിലനില്‍ക്കുന്നു.

വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത അവസാനശ്വാസം വരെ മാഷ് നിലനിര്‍ത്തി എന്നത് നാം നേരിട്ടു കണ്ടു കഴിഞ്ഞു. മാഷിന് മാഷിന്റേതായ ശരി - പാര്‍ട്ടി, പ്രസ്ഥാനം എന്നതിനപ്പുറം മാനുഷികമായ ഒരു ശരി- ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ ശരിയുമുണ്ട്. പാര്‍ട്ടിയുടെ ശരിയനുസരിച്ച് മാഷിന്റെ ശരി ശരിയാകാന്‍ വഴിയില്ലല്ലോ. എന്നാലും ജീര്‍ണ്ണതക്കും അഴിമതിക്കുമെതിരേ മാഷ് നടത്തിയ പോരാട്ടം നീതിപീഠം വരെ ശരിവെക്കുന്ന കാഴ്‌ച കണ്ടിട്ടാണ് മാഷ് യാത്രയായത്.

കേവലം രാഷ്ട്രീയമായ വിവാദങ്ങള്‍ക്കുമപ്പുറമാണ് മാഷിന്റെ സ്ഥാനം എന്ന കാര്യം നാം വിസ്‌മരിക്കരുത്. മഹാനായ അധ്യാപകന്‍ എന്ന നിലയില്‍ ക്ലാസ്സ് മുറിയിലും പുറത്തും അദ്ദേഹത്തിനുള്ള അസംഖ്യം ശിഷ്യഗണങ്ങള്‍ മാഷിന്റെ വീക്ഷണഗതികള്‍ക്ക് ഇനിയും ചൂടും വെളിച്ചവും പകരും എന്നു നമുക്ക് പ്രത്യാശിക്കാം.

മലയാള സാഹിത്യരംഗത്ത് നിരൂപകനെന്ന നിലയില്‍ മാഷ് നേടിയെടുത്ത ഔന്നത്യം എന്നും പുലരുക തന്നെ ചെയ്യും.

മാഷിന്റെ വേര്‍പാട് മലയാളത്തിന്റെ, മലയാളിയുടെ മഹാനഷ്‌ടങ്ങളിലൊന്നായി ഞാന്‍ കണക്കാക്കുന്നു.

ആദരാഞ്ജലികള്‍