Sunday, July 29, 2007

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം...

മലയാളമണ്ണിനെ തൊട്ടറിഞ്ഞു കവിത തുളുമ്പുന്ന ഗാനങ്ങള്‍ രചിച്ചിരുന്ന മഹാരഥന്മാര്‍ക്കു ശേഷം മലയാള ചലച്ചിത്ര ഗാനശാഖ കൊയ്‌ത്തൊഴിഞ്ഞ പാടം പോലെ ശൂന്യമായിരുന്നു. അവിടവിടെയായി മുളക്കുന്ന പൊട്ടും കളയും കൊണ്ട് നാം തൃപ്‌തിപ്പെടുകയോ സ്വയം ശപിക്കുകയോ ഒക്കെ ചെയ്യുന്ന വര്‍ത്തമാന കാലം. പ്രതീക്ഷയുണര്‍ത്തി രംഗത്തെത്തിയ ചിലര്‍ക്ക് പുതുമഴയിലെ തകരയാവാനായിരുന്നു വിധി. അര്‍ത്ഥമില്ലാത്ത പദങ്ങള്‍ അസ്ഥാനത്ത് തിരുകിക്കയറ്റി പോര്‍വിളി നടത്തുന്ന ഗാനരചയിതാക്കളും ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുന്ന കാടന്‍ സംഗീതവുമായി ചില സംഗീതസംവിധായകരും. വയലാറിനും ഭാസ്‌കരന്‍ മാഷിനും ദേവരാജന്‍ മാഷിനും രാഘവന്‍ മാഷിനും രവീന്ദ്രന്‍ മാഷിനും ശേഷം ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സ്ഥിതിവിശേഷം.

നൈരാശ്യത്തിന്റെ ഊഷരഭൂമിയില്‍ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികളെ മനംകുളുര്‍പ്പിക്കുന്ന വസന്തകാലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഇന്നിതാ ഇവിടെ ഒരു കവി ഉണ്ടായിരിക്കുന്നു.

അറബിക്കഥ എന്ന ചിത്രത്തിലൂടെ അതിമനോഹരമായ ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച കായംകുളം പനച്ചൂര്‍ വീട്ടില്‍ അനില്‍ എന്ന അനില്‍ പനച്ചൂരാനാണ് മലയാളഗാനങ്ങളുടെ വസന്തകാലത്തേക്ക് നമ്മെ മടക്കിക്കൊണ്ടു പോകുന്നത്.

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം എന്നത് വെറുംവാക്കല്ല എന്ന് ഓരോവരിയിലൂടെയും കവി നമ്മെ ബോധ്യപ്പെടുത്തുന്നു. അനിലെന്ന കവിയെയും അനിലിന്റെ പ്രതിഭാവൈദഗ്‌ധ്യത്തെയും വളരെയടുത്ത് പരിചയമുള്ള ഞങ്ങള്‍ കായംകുളത്തുകാര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്- അനില്‍ പനച്ചൂരാന്‍ മലയാള ചലച്ചിത്ര ഗാനശാഖക്ക് ഒരു മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യുമെന്ന്.

ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമക്ക് വേണ്ടിയാണ് അനില്‍ പനച്ചൂരാന്‍ ആദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്നത്. ആ സിനിമയില്‍ അനില്‍ എഴുതിയ ഭ്രാന്തി എന്ന കവിത ജയരാജ് ഉപയോഗിച്ചിട്ടുണ്ട്. കായംകുളം ഗവണ്മെന്റ് ആശുപത്രി പരിസരത്തും മറ്റും കറങ്ങി നടന്നിരുന്ന ഒരു ഭ്രാന്തിക്ക് ഏതോ സാമൂഹ്യവിരുദ്ധര്‍ കുഞ്ഞിനെ സമ്മാനിച്ചപ്പോള്‍ അനില്‍ കവിതയിലൂടെ പ്രതികരിച്ചു.

“ഇടവമാസപ്പെരുമഴ പെയ്ത രാവില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നൂ
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍ പതിഞ്ഞൂ
തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍
ഇരുളും തുരന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോളറിയാതെയിട നെഞ്ച് തേങ്ങി

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടൂ
ന‌ഗ്നയാമവളുടെ തുട ചേര്‍ന്ന് പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും
............................................
............................................
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍ നിലാവില്ലാ
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു പോയവള്‍ നോവും നിറമാറുമായി
.............................................
.............................................
ഭരണാധിവര്‍ഗ്ഗങ്ങളാരുമറിഞ്ഞില്ല ഉദരത്തിനുള്ളിലെ രാസമാറ്റം
ഉലകത്തിലൊക്കെയും തകിടം മറിയുന്ന ഭരണത്തിലല്ലയോ നോട്ടം
..............................................
....................................................“

സായാഹ്നക്കൂട്ടായ്‌മയിലും കവിയരങ്ങുകളിലും അനില്‍ കവിത ചൊല്ലി ഞങ്ങളെ ആവേശഭരിതരാക്കിയിരുന്നു.

“പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം കൊഴിഞ്ഞു പോയി...
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി”

പ്രവാസിയുടെ നൊമ്പരം വാക്കുകളില്‍ സ്വാംശീകരിച്ച് അനില്‍ അക്കാലത്തെഴുതിയ കവിതയാണ് അറബിക്കഥയില്‍ തേനൂറും ശബ്‌ദത്തില്‍ ഗാനഗന്ധര്‍വ്വന്‍ ആലപിച്ചിരിക്കുന്ന തിരികേ മടങ്ങുവാന്‍ എന്ന ഗാനം.

“തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരിക്കെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തായം തണുപ്പും ഞാന്‍ കണ്ടു“

നമ്മുടെ നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ അതീവ ഹൃദ്യവും ലളിതവുമായ വരികള്‍.

“താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങ് ദൂരെ
വാടാമലരുകള്‍ വിടരും പാടം നെഞ്ചില്‍ ഇട നെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം
ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളി പോലൊരു കൊയ്‌ത്തരിവാളുണ്ടോ...
കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ...”

പ്രണയം വാടാമലരാണെന്ന സങ്കല്‍പ്പം. ഇവിടെ കൊയ്‌ത്തരിവാള്‍ അറബിക്കഥ എന്ന സിനിമ ആവശ്യപ്പെടുന്ന ഒരു പ്രതീകവുമാണ്. “പൊന്നരിവാളമ്പിളിയില്‍“ എന്ന ഗാനത്തിന്റെ പശ്ചാത്തലം സംഗീതസംവിധായകന്‍ ഈ പാട്ടിന്റെ തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്നു.

ഈ സിനിമയില്‍ ഒരു വിപ്ലവഗാനമുണ്ട്. അനില്‍ തന്നെയാണ് അത് പാടി അഭിനയിച്ചിരിക്കുന്നത്. വിപ്ലവത്തിനു എന്തു പ്രസക്തി എന്ന ചോദ്യമുയരുന്ന കാലമാണെങ്കിലും പഴയ വിപ്ലവസ്‌മരണകളെ ജ്വലിപ്പിച്ച് നമ്മെ കോള്‍മയിര്‍ കൊള്ളിക്കാന്‍ ഈ കവിതക്ക് കഴിയുന്നു. തോപ്പില്‍ ഭാസിയും വയലാറുമൊക്കെ കെപി‌എസി എന്ന നാടകക്കളരിയിലൂടെ ജ്വലിപ്പിച്ച വിപ്ലവം. കെപി‌എസിയുടെ നാട്ടുകാരന്‍ അവര്‍ക്ക് പിന്മുറക്കാരനാകുന്നു എന്നത് കാലത്തിന്റെ ഓര്‍മ്മപുതുക്കലാവാം.

“ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ...
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..


മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്..
കാരിരുമ്പിലെ തുരുമ്പ് മായ്‌ക്കണം ജയത്തിനായ്..

നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ട് പോയ ജന്മികള്‍ ചരിത്രമായ്..
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍,
പോരടിച്ചു കൊടി പിടിച്ച് നേടിയതീ മോചനം..

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍,
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ..?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസുകള്‍
കണ്ണു നീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ..?


പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുചേര്‍ക്കുകിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം,നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം..

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം..
നാള്‍ വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം..
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്കു സ്വപ്നമൊന്നു തന്നെയന്നുമിന്നുമെന്നുമേ... “

സംഗീത സംവിധാനം നിര്‍വ്വഹിച്ച ബിജിബാല്‍ പ്രതീക്ഷയുണര്‍ത്തുന്നു. ഫാസ്റ്റ് നമ്പറുകളുടെ ഇക്കാലത്ത് മെലോഡി ‘പരീക്ഷിച്ച് ‘ വിജയിച്ച ബിജിബാലിന്റെ ധൈര്യം, താരതമ്യേന നവാഗതരായ അനില്‍ പനച്ചൂരാനിലും ബിജിബാലിലും വിശ്വാ‍സമര്‍പ്പിച്ച ലാല്‍ ജോസിന്റെ ധൈര്യം...

ഈ ധൈര്യമാണ് നമുക്ക് കേള്‍ക്കാനും ഓര്‍ക്കാനും സുഖമുള്ള ചില ഗാനങ്ങള്‍ സമ്മാനിച്ചത്.

21 comments:

Ziya said...

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം...
മലയാളമണ്ണിനെ തൊട്ടറിഞ്ഞു കവിത തുളുമ്പുന്ന ഗാനങ്ങള്‍ രചിച്ചിരുന്ന മഹാരഥന്മാര്‍ക്കു ശേഷം മലയാള ചലച്ചിത്ര ഗാനശാഖ കൊയ്‌ത്തൊഴിഞ്ഞ പാടം പോലെ ശൂന്യമായിരുന്നു. അവിടവിടെയായി മുളക്കുന്ന പൊട്ടും കളയും കൊണ്ട് നാം തൃപ്‌തിപ്പെടുകയോ സ്വയം ശപിക്കുകയോ ഒക്കെ ചെയ്യുന്ന വര്‍ത്തമാന കാലം. പ്രതീക്ഷയുണര്‍ത്തി രംഗത്തെത്തിയ ചിലര്‍ക്ക് പുതുമഴയിലെ തകരയാവാനായിരുന്നു വിധി. അര്‍ത്ഥമില്ലാത്ത പദങ്ങള്‍ അസ്ഥാനത്ത് തിരുകിക്കയറ്റി പോര്‍വിളി നടത്തുന്ന ഗാനരചയിതാക്കളും ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുന്ന കാടന്‍ സംഗീതവുമായി ചില സംഗീതസംവിധായകരും. വയലാറിനും ഭാസ്‌കരന്‍ മാഷിനും ദേവരാജന്‍ മാഷിനും രാഘവന്‍ മാഷിനും രവീന്ദ്രന്‍ മാഷിനും ശേഷം ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സ്ഥിതിവിശേഷം.

Unknown said...

സിയ:)
ആ നല്ല പാട്ടുകള്‍ക്ക് പിന്നിലുള്ള വ്യക്തിത്വങ്ങളെ നല്ല രീതിയില്‍ അവതരിപ്പിച്ച് പരിചയപ്പെടുത്തിയതിന് നന്ന്ദി.

G.MANU said...

സിയാ..

ചത്തൊടിങ്ങി എന്നു കരുതിയ മലയാള ഗാനരംഗത്തേക്കു പുതുമഴയായി വന്ന രണ്ടു പേരാണു വയലാര്‍ ശര്‍ച്ചന്ദ്രവര്‍മ്മയും ഇപ്പോള്‍ പനച്ചിക്കാടനും.. പനച്ചിയെപ്പറ്റി നല്ലൊരു ലേഖനം ഈയിടെ മനോരമ പത്രത്തില്‍ വന്നിരുന്നു. വിപ്ളവകാരിയായി, സന്യാസിയായി ഒടുവില്‍ കവിയരങ്ങുകളെ ഇളക്കിമറിച്ചു ഉപജീവനം നടത്തുന്ന അനുഗ്രഹീതന്‍... ഇനിയും പുഴയൊഴുകും എന്ന് പ്രത്യാശിക്കാം

മുസ്തഫ|musthapha said...

അനിലിനെ പറ്റിയുള്ള ഈ ലേഖനം നന്നായി സിയ. വളരെ നന്നായിട്ടുണ്ട് അനിലെഴുതിയ വരികളെല്ലാം. കൂട്ടുകാരന്‍റെ ഉന്നതിയില്‍ സന്തോഷം കൊള്ളുന്ന സിയയെ മനസ്സിലാക്കാന്‍ പറ്റുന്നു... പക്ഷെ, അനിലിന് മുന്‍പും അനിലിനൊപ്പവുമുള്ള വേറെയും പ്രതിഭാധനരെ കാണാതെ പോയതായി തോന്നിപ്പിച്ചു ആദ്യഭാഗങ്ങള്‍!

സുല്‍ |Sul said...

അനിലിനെ പരിചയപ്പെടുത്തിയ സിയക്കു നന്ദി.
അനിലിനും ബിജിബാലിനുമുള്ള അഭിനന്ദനങ്ങള്‍ ഇവിടെ അറിയിക്കട്ടെ.

(ഓടോ : അഗ്രു എന്നാ ചലചിത്ര ഗാനരചയിതാവായത്? “പ്രതിഭാധനരെ കാണാതെ പോയതായി തോന്നിപ്പിച്ചു“ ഈവരികള്‍ എന്തിനാണാവൊ?)

-സുല്‍

ചില നേരത്ത്.. said...

ഈ ലേഖനം വായിച്ചപ്പോള്‍ ഹാപ്പിയായി.

ശ്രീ said...

നല്ല അവതരണം...
:)

Rasheed Chalil said...

നല്ല ലേഖനം... സിയാ നന്ദി.

ഇടിവാള്‍ said...

നനായിരിക്കുന്നു സിയാ. നല്ലൊരു ലേഖനം

ബയാന്‍ said...
This comment has been removed by the author.
keralafarmer said...

അനിലിന്റെ ഉയരം സിയയുടെ പൊസ്സ്റ്റില്‍ കാണുവാന്‍ കഴിയുന്നു.

chithrakaran ചിത്രകാരന്‍ said...

പ്രിയ സിയ,
വളരെ നന്നായിരിക്കുന്നു താങ്കളുടെ പോസ്റ്റ്‌.
മണ്ണിന്റെ താളം ചങ്കില്‍ കേള്‍ക്കണമെങ്കില്‍ മണ്ണുമായി രക്തബന്ധമുള്ളവര്‍ തന്നെ കവിത എഴുതണം.
പൗഡറും, സെന്റും,നിറവും-ലിപ്സ്റ്റിക്കും- പുരട്ടി എഴുന്നള്ളിക്കുന്ന കവിതയും ,ചൊരയും വിയര്‍പ്പുമുള്ള.... ജീവനുള്ള കവിതയും നാം തിരിച്ചറിയുംബോള്‍ സമൂഹത്ത്നു ലഭിക്കുന്നത്‌ അമൂല്യമായ സ്വാതന്ത്ര്യമാണ്‌..... നഷ്ടപ്പെട്ട ആത്മാഭിമാനമാണ്‌.
അനിലിന്റെ കവിതയെ പരിചയപ്പെടുത്തിയ സിയക്ക്‌ ചിത്രകാരന്റെ സ്നേഹഭിവാദ്യങ്ങള്‍ !!!

കുറുമാന്‍ said...

വളരെ മനോഹരമായി അനിലിനെ പരിചയപെടുത്തിയിരിക്കുന്നു സിയാ താങ്കള്‍ ഈ ലേഖനത്തിലൂടെ. ആശംസകള്‍. മലയാളത്തിന് മാധ്യുര്യമുള്ള ഒരു പാട് നല്ല ഗാനങ്ങളും,കവിതകളും സംഭാവന ചെയ്യാന്‍ അനിലിനു കഴിയട്ടെ

Kumar Neelakandan © (Kumar NM) said...

എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേ കായംകുളത്താണ് ബസിനും യാത്രക്കാര്‍ക്കും കാപ്പികുടി.
അവിടെ ക്യാന്റീനില്‍ ഇതുപോലെ ഒരു ഭ്രാന്തിയുടെ കവിത ഒരു പുതിയ ശബ്ദത്തില്‍ കേട്ടിട്ടുണ്ട്. പിന്നെയും ഒരിക്കല്‍ അത് കേട്ടപ്പോള്‍ ക്യാന്റീനിലെ മാനേജര്‍ ആ

കവിതയെ കുറിച്ചും കവിയെ കുറിച്ചും അല്പ സമയം കൊണ്ട് വാചാലനായി. അന്ന് ആ ചുരുങ്ങിയ വേളയിലാണ് അനില്‍ പനച്ചൂരാന്‍ എന്ന കവിയെ കുറിച്ച്

അറിയുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ആലാപന രീതിയും എഴുത്തിന്റെ രീതിയും അവിടെ കേട്ട അത്രയും വരികളില്‍ മനോഹരമായിരുന്നു. ഒരിക്കല്‍ അതിന്റെ വരികള്‍

മുഴുവനും കേള്‍ക്കുവാനും കഴിഞ്ഞു, ഒരു ടാക്സിയില്‍. എന്റെ മനസില്‍ ഓടി എത്തിയത് ഞങ്ങളുടെ നാട്ടിലെ അനുരാധയെ ആണ്. അവളുടെ കഥ പോലെ തന്നെ കവി
എഴുതിയിരിക്കുന്നു.

അറബിക്കഥയിലെ പാട്ടുകള്‍ നല്ല പാട്ടുകള്‍ രചനയും സംഗീതവും. ചിത്രവും നനായിട്ടുണ്ടെന്നാണ് കേള്‍വി. പ്രവാസത്തിന്റെ ശരിയായ മുഖം.

സിയ ഇത് നന്നായിട്ട് എഴുതിയിട്ടുണ്ട്

Unknown said...

Nice post Ziya. Thanks for introducing Anil. I hope he will live upto our expectations and do justice to the talent which is obviously there going by the lines you have quoted here.

(Keyman not working)

ജെസ്സി said...

Well done Ziya :)

മയൂര said...

ലേഖനം നന്നായിരിക്കുന്നു...നന്ദി:)

Kiranz..!! said...

അതു ശരി,അനിലിന്റെ സെമോന്റെ സങ്കീര്‍ത്തനം എന്ന കവിതാല്‍ബം പുറത്തിറങ്ങിയപ്പോഴൂം,ജയരാജിന്റെ മകളുടെ ശബ്ദത്തില്‍ അനിലിന്റെ കവിത കേട്ടപ്പോഴും ഒന്നും നിരീച്ചില്ല ഒരു മൂന്നു രൂപ അമ്പത് പൈസ പോയിന്റിനപ്പൂറമിരുന്നാ ആശാന്‍ ഈ എഴുതിവിടുന്നതെന്ന്..ഈ സിയയുടെ കാര്യം..:)

ഏറനാടന്‍ said...

സിയ..ലേഖനം നനായിരിക്കുന്നു.

[ nardnahc hsemus ] said...

സിയ,
നല്ല ലേഖനം. “ചോരവീണമണ്ണില്‍” ടിവിയിലാദ്യദിവസം വന്നപ്പോഴേ അനില്‍ പ്രിയങ്കരനായതാണ്. എന്നാല്‍, മറ്റൊരു ‘വെളിപ്പെടുത്തലാണ്‘ കൂടുതല്‍ ഞെട്ടിച്ചത്!
“ഇടവമാസപ്പെരുമഴ പെയ്ത രാവില്‍...” ഇത് അനിലിന്റെയാണെന്നുറപ്പല്ലെ? (ആണെങ്കില്‍, ഇങനെ ചോദിച്ഛതില്‍ ക്ഷമിയ്ക്കുക) കാരണം, കഴിഞവര്‍ഷം (അതോ അതിനുമുന്‍പോ) ഞാനീ കവിതയുടെ ‘എം പി 3’ നെറ്റില്‍ നിന്നും ഡൌ‍ണ്‍ലോഡ് ചെയ്തിരുന്നു.. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ സെര്‍ച്ച് ചെയ്തുകിട്ടിയതാണ്. അതിലെ ശബ്ദവും ചുള്ളിക്കാടിന്റേതാണ് (വേണമെങ്കില്‍ മെയി ചെയ്യാം).
ഇപ്പോള്‍ ഇവിടെ അത് അനിലിന്റേതാണെന്നറിഞപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍..
സിയയുടെ കൂട്ടുകാരനാണെന്നറിഞപ്പോള്‍ അതു സത്യമാവുമെന്നും തോന്നുന്നു... :)‍

Fyzie Rahim said...

മലയാള സംഗീത ശാഖയിലെ അവസാന കണ്ണികള്‍ വിട്ടു പോകുന്നോരു ദയനീയ കാഴ്ചയാണ് ഈ പോസ്റ്റ് പിറന്നു അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കാണുന്നത്. നല്ല സംഗീതത്തിനെയും അതിന്റെ മൂല്യത്തെയും വക വെക്കാത്ത ഒരു പുതു തലമുറയെ സഹതാപത്തോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയുന്നില്ല. ഈയിടയായി ഇറങ്ങിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലെ അപ്പങ്ങളെമ്പാടും ചുട്ടമ്മായി എന്ന ഗാനത്തിന്റെ റീമിക്സ് കേട്ടപ്പോള്‍ തന്നെ പുതുതലമുറയുടെ സംഗീത അഭിരുചികളെ കുറിച്ചു നഷ്ട്ടബോധം തോന്നി. നല്ല സംഗീതത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലയെങ്കിലും അതിനെ ഇവ്വിധം പോസ്റ്റ്മോര്‍ട്ടം ചെയ്തു നശിപ്പിക്കാതിരുന്നു കൂടെയെന്ന് ചോദിച്ചു പോകുന്നു. വൈകിയാണ് ഈ പോസ്റ്റ് കാണുന്നതെങ്കിലും വളരെ മൂല്യമുള്ളോരു പോസ്റ്റെന്ന നിലയില്‍ സിയ അഭിനന്ദനം അര്‍ഹിക്കുന്നു.