Sunday, July 15, 2007

ചിക്കന്‍ അല്ല ചിക്കുന്‍ സോറി ചിഗുണ്‍ ഗുനിയ.

നാട് പനിച്ചൂടില്‍ തിളക്കുകകയാണ്. ചിഗുണ്‍ ഗുനിയ, പകര്‍ച്ചപ്പനി, തക്കാളിപ്പനി, പേരറിയാപ്പനി...
പനിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സര്‍ക്കാരും ജനങ്ങളും.

പനിനിവാരണത്തിനും പ്രതിരോധത്തിനും വ്യക്തമായ മാര്‍ഗ്ഗമില്ലാതെ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാരും കൊതുകു നശീകരണത്തിലും പരിസരശുചീകരണത്തിലും അലംഭാവം കാട്ടുന്ന ജനങ്ങളും.

ശുചീകരണ യജ്ഞങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ മറക്കുന്ന ഒരു കാര്യമുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനം കൊണ്ടു മാത്രം ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാന്‍ കഴിയില്ല എന്നതാണത്.
ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന ഈഡിസ് സ്പീഷിസില്‍പ്പെട്ട കൊതുകുകള്‍ മുട്ടയിടുന്നത് മലിനജലത്തിലല്ല; കൃത്രിമമായ സ്രോതസ്സുകളില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് .സ്വാഭാവിക ജലസ്രോതസ്സുകളായ കിണര്‍, കുളം എന്നിവടങ്ങളില്‍ ഇവമുട്ടയിടാറില്ലെന്നത് പ്രകൃതിയുടെ സംരക്ഷണമാണെന്നു തോന്നുന്നു. 10 മില്ലിഗ്രാം ജലത്തില്‍ 200 മുട്ടകള്‍ വരെ ഇവ ഇടാറുണ്ട്.

നമ്മുടെ പറമ്പില്‍ കിടക്കുന്ന ഒരു കുപ്പിയുടെ അടപ്പ്, സൈക്കിള്‍ ടയര്‍, മണ്‍പാത്രങ്ങള്‍, ചിരട്ട, തൊണ്ട്, പൈപ്പ് ഇങ്ങനെ മഴവെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളിടത്തൊക്കെ ഈ കൊതുകള്‍ മുട്ടയിടുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഈ കൊതുകുകള്‍ പെരുകുവാന്‍ കാരണം റബ്ബര്‍മരങ്ങളിലെ ചിരട്ടകളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതാണ്. കറുപ്പുനിറം ഈ കൊതുകകളെ ആകര്‍ഷിക്കുകയും ചെയ്യും.

ആയതിനാല്‍ ഇങ്ങനെ ശുദ്ധജലം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുകയും അത്തരം സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ് പ്രധാനമായും വേണ്ടത്. എന്റെ വീടിന്റെ പരിസരത്ത് ഇത്തരം സ്ഥലം ഞാന്‍ കണ്ടെത്തിയപ്പോള്‍ കൂത്താടിയെ കണ്ട് ഞെട്ടിപ്പോയി.

വ്യക്തിശുചിത്വത്തില്‍ മുന്നിലും പരിസരശുചിത്വത്തില്‍ അപകടകരമാം വിധം പിന്നിലുമായ മലയാളി സമൂഹം നമ്മുടെ പരിസരം നിരീക്ഷിച്ച് വേണ്ട മുന്‍‌കരുതലുകള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

5 comments:

Ziya said...

ശുചീകരണ യജ്ഞങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ മറക്കുന്ന ഒരു കാര്യമുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനം കൊണ്ടു മാത്രം ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാന്‍ കഴിയില്ല എന്നതാണത്.
ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന ഈഡിസ് സ്പീഷിസില്‍പ്പെട്ട കൊതുകുകള്‍ മുട്ടയിടുന്നത് മലിനജലത്തിലല്ല; കൃത്രിമമായ സ്രോതസ്സുകളില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് .

Mubarak Merchant said...

നീയാ കൊളത്തീച്ചാടുന്ന പഡം കണ്ടപ്പളേ ഞാന്‍ പകര്‍ച്ചപ്പനിയുടെ ഉറവിടം കണ്ടെത്തിയിരുന്നു. സൌദീല്‍ രണ്ട് പുണ്യനഗരങ്ങളുള്ളതിനാലാവാം അവിടെ പനി പടരാത്തത്..
ഓഫ് ടോപ്പിക്: അവസരോചിതമായ ലേഖനം.

മുസ്തഫ|musthapha said...

ഈ വക കാര്യങ്ങളെല്ലാം സര്‍ക്കാരിനും അധികൃതര്‍ക്കും വിട്ട് കൊടുത്ത്, അവരുടെ വീഴ്ചകളേയും അലംഭാവത്തേയും പഴി ചാരാനാണ് പൊതുജനത്തില്‍ ഭൂരിഭാഗത്തിനും താത്പര്യം.

അവനവന് ചെയ്യാവുന്ന ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ മുതിരാതെ നാടിനേയും അധികാരികളേയും കുറ്റപ്പെടുത്തുന്നത് കൊണ്ട് കാര്യമില്ല - പകരം ചെയ്യാനാവുന്ന കാര്യങ്ങള്‍, അതില്‍ രാഷ്ട്രീയ നിറം കലര്‍ത്താതെ ചെയ്യാന്‍ പരിശ്രമിക്കുകയാണ് വേണ്ടത്.

മാവേലി കേരളം said...

സിയ അവസരോചിതമായ ലേഖനം.

അഗ്രജന്‍ പറഞ്ഞതിനോടു നൂറു ശതമാനം യോജിയ്ക്കുന്നു.പക്ഷെ എന്റെ അറിവില്‍ ജനം ആകെ സംഭ്രാ‍ാന്തരാണ്. അവര്‍ക്ക് എന്താണ് സഭവിയ്ക്കുന്നത് എന്നൊന്നും അറിഞ്ഞു കൂടാ. അവര്‍ക്കു വേണ്ട നേത്രുത്വം ആവശ്യമാണ്. Voluntery organisation കക്ഷിഭേദമെന്യേ പ്രവര്‍ത്തനം തുടങ്ങേണ്ട്ത് ഇത്തരം സന്ദര്‍ഭങ്ങളീലാണ്.

Ziya said...

അഗ്രൂ,
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ഏറെക്കാലമായി ഒരു പ്രവാസി മലയാളി എന്ന നിലയില്‍ കേരളീയ സമൂഹത്തെ മാറി നിന്ന് നിരീക്ഷിക്കുന്നതിലൂടെ എനിക്കും മനസ്സിലായതതാണ്.
നന്ദി