Tuesday, October 16, 2007

എസ് ഐയും പാര്‍ട്ടീം

സംഭവ കഥയാണ്. പേരുകള്‍ സാങ്കല്‍പ്പികമാണെന്ന് മാത്രം.
പതിനെട്ടരക്കമ്പനിയിലെ ഷിബുവിന് അയലത്തെ അനുവിനോട് കലശലായ് പ്രേമം.
അസൂയ പൂണ്ട ഞങ്ങള്‍ ഷിബുവിനൊട്ടൊന്ന് പണിയാന്‍ തീരുമാനിച്ചു.
ഞങ്ങളഞ്ചാറു പേര്‍ ഒന്നിച്ച് ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് ഷിബുവിനെ വിളിച്ചു.

“ഷിബുവാണോടാ? കരീലക്കുളങ്ങര എസ് ഐ ആണ് സംസാരിക്കുന്നത്. നീയാണോടാ പീഡനവീരന്‍? ഇനി ആ പെണ്ണിന്റെയെങ്ങാനും പൊറകേ നടന്നാല്‍ നിന്റെ നെഞ്ചാങ്കൂട് ഞാന്‍ ഇടിച്ചൊടിക്കും...#$%^& മനസ്സിലായോടാ?”

പാവം ഷിബു! പേടിച്ചു ഫോണ്‍ വെച്ചു.

“അവന്‍ വെച്ചു കളഞ്ഞു“. ഞാന്‍ പറഞ്ഞു.
“ആഹാ അങ്ങനെ വിട്ടാല്‍ പറ്റത്തില്ലല്ലോ? ഒന്നൂടെ വിളിക്കെഡാ...രണ്ട് പറഞ്ഞിട്ടേയുള്ളൂ...”
കൂട്ടത്തിലെ സാബുവിന് കലിപ്പ് തീരുന്നില്ല.
“എന്നാ ഒന്നൂടെ വിളിക്കാമല്ലേ” ഞാന്‍ സൂത്രത്തില്‍ സാബുവിന്റെ ബാപ്പയുടെ നമ്പര്‍ ഡയല്‍ ചെയ്‌ത് റിസീവര്‍ സാബുവിന്റെ കയ്യില്‍ കൊടുത്തു.

“ഹലോ" അങ്ങേത്തലക്കല്‍ നിന്നും.
“ഡാ പട്ടീ പറഞ്ഞത് കേട്ടോടാ...ലോക്കപ്പി കേറ്റി വാരിയെല്ല് ഊരിയെടുക്കും ഞാന്‍ പറഞ്ഞേക്കാം”
“ഹലോ, ആരാ സംസാരിക്കുന്നത്? എന്തുവാ പറയുന്നത്...”
“ഞാന്‍ കരീലക്കുളങ്ങര എസ് ഐ ആണെടാ....മരിയാദക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞോണം. ഇല്ലേ നിന്റെ എല്ലൂരും ഞാന്‍ റാസ്‌കല്‍! %^&*#മോനേ ”
ബാപ്പാന് പൊന്നുമോന്റെ സ്വരം കത്തി.
“ഡാ, വേലേം കൂലീമില്ലാതെ കല്ലിന്റെ പൊറത്ത് കുത്തിയിരിക്കുമ്പം എസൈയാ സര്‍ക്കിളാ എന്നൊക്കെ പലതും തോന്നും..എന്റെ മോന്‍ ഇഞ്ഞ് വീട്ടി വാ കേട്ടോ...തരാം”

പൊന്നുമോനു ബാപ്പാന്റെ സൊരവും കത്തി.

കിലുകിലാ വിറക്കുന്ന സാബുവിനെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങള്‍ അട്ടഹസിച്ചു.

ഉച്ച മുതല്‍ കല്ലിന്‍‌പുറത്ത് ഒരേ ഇരുപ്പ്. വീട്ടില്‍ പോകില്ല സാബു. രാത്രിയായി. ഒരു എട്ടു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അഞ്ചാറു പേര്‍ ചേര്‍ന്ന് വീട്ടില്‍ കൊണ്ടു വിടാന്‍ തീരുമാനിച്ചു. തുള്ളല്‍പ്പനി പിടിച്ചവനെ വൈദ്യന്റെ വീട്ടില്‍ കൊണ്ടു പോകുന്ന മാതിരി സബുവിനേം കൊണ്ട് ഞങ്ങള്‍ അവന്റെ വീട്ടിലേക്ക്.
വീടെത്തി. കോളിംഗ് ബെല്ലടിച്ചു. ബാപ്പ വന്നു. എല്ലാരേം ഒന്നു നോക്കി. എന്നിട്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
“എടിയേ, ദാണ്ടെ എസ് ഐയും പാര്‍ട്ടീം വന്നു നില്‍ക്കുന്നു. വല്ലോം ഒണ്ടെങ്കി കൊടുത്തു വിട്....”

Wednesday, October 3, 2007

വിജയന്‍ മാഷ്‌ക്ക് ആദരാഞ്ജലികള്‍!

തീര്‍ച്ചയായും വിജയന്‍ മാഷ് മലയാള സാംസ്കാരിക മണ്ഡലത്തെ ആഴത്തില്‍ സ്വധീനിച്ച ഉന്നത വ്യക്തിത്വമാണ്.
അധ്യാപകനായും ചിന്തകനായും നിരൂപകനായും പ്രഭാഷകനായും നിറഞ്ഞു നിന്ന മാഷ് പ്രത്യക്ഷരാഷ്‌ട്രീയത്തില്‍ ഇടപെടാതെ രാഷ്ട്രീയരംഗത്തും മാറ്റങ്ങള്‍ക്ക് കളമൊരുക്കി.

ഫ്രോയ്‌ഡിന്റെ വീക്ഷണങ്ങളിലധിഷ്‌ടിമായി സാഹിത്യത്തെയും സാമൂഹിക പ്രതിഭാസങ്ങളെയും മനഃശാസ്ത്ര നിരൂപണത്തിനു വിധേയമാക്കി സാമൂഹിക ഇടപെടല്‍ തുടങ്ങിയ മാഷിന്റെ വാക്കിനും വരികള്‍ക്കും കവിതയുടെ സൌന്ദര്യവും ഖഡ്‌ഗത്തിന്റെ മൂര്‍ച്ചയുമുണ്ടായിരുന്നു.

എന്നും ഇടതുപക്ഷസഹയാത്രികനായിരുന്ന മാഷിനെ സാംസ്‌കാരികമായ ഒരു കുതിപ്പിനു സഹായിച്ചത് ഫ്രൊയ്‌ഡില്‍ നിന്നും മാര്‍ക്സിലേക്കുള്ള ചുവടുമാറ്റമാണെന്ന് ഇപ്പോള്‍ വാദിക്കുന്നവരുണ്ട്. വിജയന്‍ മാഷിന്‍ മാര്‍ക്സിസം കേവലം വൈകരികമായ ഒരു സംവേദന തലം മാത്രമായിരുന്നുവെന്നും സൈദ്ധാന്തികമായി ഫ്രൊയ്‌ഡിനെ അറിഞ്ഞ പോലെ മാര്‍ക്സിനെ അറിയാന്‍ അറിയാന്‍ മാഷിന് കഴിഞ്ഞില്ല എന്നും ഇടതുപക്ഷ ബുദ്ധിജീവികളുടെ വാദം ഇപ്പോള്‍ കേള്‍ക്കാനായി. മാഷിന്റെ എഴുത്തില്‍ നിറയെ ഫ്രോയ്യ്‌ഡ് ആയിരുന്നെന്നും പ്രസംഗത്തില്‍ മാത്രമേ മാര്‍ക്സ് കടന്നു വന്നുള്ളൂ എന്നുമാണ് അത്തരക്കാരുടെ ന്യായം.

മാഷിന്റെ ജീവിത കാലയളവിനെ മൂന്നായി വിഭജിച്ച് ആദ്യ രണ്ടു ഘട്ടങ്ങളില്‍ മാഷ് ശരിയായിരുന്നുവെന്നും മൂന്നാം ഘട്ടത്തില്‍ മാഷ് ശരികേടിലേക്ക് വഴുതിയെന്നും വാദിക്കുന്നത് ബൌദ്ധികകേരളം എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് ഞാന്‍ കൌതുകം കൊള്ളുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പൊതുവില്‍ ബാധിച്ച ജീര്‍ണ്ണതയും മൂല്യച്യുതിയും കേരളത്തിലും ബംഗാളിലും മാത്രം പാര്‍ട്ടിക്ക് ബാധകമല്ലെന്നും പാര്‍ട്ടിയെ ജനങ്ങളിലേക്ക് തിരികെയെത്തിക്കാന്‍ വിജയന്‍ മാഷ് നടത്തിയ ശ്രമങ്ങള്‍ റൊമാന്റിക് സങ്കല്‍പ്പങ്ങള്‍ മാത്രമായിരുന്നു എന്നും ജീര്‍ണ്ണത വലതുപക്ഷത്തിന്റെ മാത്രം കുത്തകയാണെന്നും വാദിക്കുന്നതില്‍ എത്രത്തോളം കഴമ്പുണ്ട്?

അതേ സമയം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുമ്പും തെറ്റുകള്‍ പിണഞ്ഞ സമയത്ത് മാഷ് മൌനം ഭജിച്ചതെന്തേ എന്ന ചോദ്യവും നിലനില്‍ക്കുന്നു.

വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത അവസാനശ്വാസം വരെ മാഷ് നിലനിര്‍ത്തി എന്നത് നാം നേരിട്ടു കണ്ടു കഴിഞ്ഞു. മാഷിന് മാഷിന്റേതായ ശരി - പാര്‍ട്ടി, പ്രസ്ഥാനം എന്നതിനപ്പുറം മാനുഷികമായ ഒരു ശരി- ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ ശരിയുമുണ്ട്. പാര്‍ട്ടിയുടെ ശരിയനുസരിച്ച് മാഷിന്റെ ശരി ശരിയാകാന്‍ വഴിയില്ലല്ലോ. എന്നാലും ജീര്‍ണ്ണതക്കും അഴിമതിക്കുമെതിരേ മാഷ് നടത്തിയ പോരാട്ടം നീതിപീഠം വരെ ശരിവെക്കുന്ന കാഴ്‌ച കണ്ടിട്ടാണ് മാഷ് യാത്രയായത്.

കേവലം രാഷ്ട്രീയമായ വിവാദങ്ങള്‍ക്കുമപ്പുറമാണ് മാഷിന്റെ സ്ഥാനം എന്ന കാര്യം നാം വിസ്‌മരിക്കരുത്. മഹാനായ അധ്യാപകന്‍ എന്ന നിലയില്‍ ക്ലാസ്സ് മുറിയിലും പുറത്തും അദ്ദേഹത്തിനുള്ള അസംഖ്യം ശിഷ്യഗണങ്ങള്‍ മാഷിന്റെ വീക്ഷണഗതികള്‍ക്ക് ഇനിയും ചൂടും വെളിച്ചവും പകരും എന്നു നമുക്ക് പ്രത്യാശിക്കാം.

മലയാള സാഹിത്യരംഗത്ത് നിരൂപകനെന്ന നിലയില്‍ മാഷ് നേടിയെടുത്ത ഔന്നത്യം എന്നും പുലരുക തന്നെ ചെയ്യും.

മാഷിന്റെ വേര്‍പാട് മലയാളത്തിന്റെ, മലയാളിയുടെ മഹാനഷ്‌ടങ്ങളിലൊന്നായി ഞാന്‍ കണക്കാക്കുന്നു.

ആദരാഞ്ജലികള്‍

Friday, September 28, 2007

മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന

സിപിഐ, കേരളാകോണ്‍ഗ്രസ്സ് ജെ തുടങ്ങിയ തെമ്മാടി മാഫിയ സംഘങ്ങളുടെയും സ്വന്തം കക്ഷിയിലെ തന്നെ ചില കുബുദ്ധികളുടെയും ശക്തമായ സമ്മര്‍ദ്ദ തന്ത്രത്തിനടിപ്പെട്ട് അങ്ങേയറ്റം ഇളിഭ്യനും നിസ്സഹായനുമായി മാറിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ തെല്ലെങ്കിലും ആത്‌മാഭിമാനം ബാക്കിയുണ്ടെങ്കില്‍ കസേരയില്‍ കെട്ടിപ്പിടിച്ചിരിക്കാതെ രാജിവെച്ചൊഴിയണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

Sunday, September 9, 2007

ഫ്രീ അസോസിയേഷന്‍

സത്യമംഗലത്ത് വീരപ്പന്‍
സൂര്യനെല്ലിയില്‍ ധര്‍മ്മരാജന്‍

വായില്ലാക്കുന്നിലപ്പന്‍ പ്രഭാഷണം തുടങ്ങി
പാണന്മാര്‍ മൌനജാഥ നടത്തി

ഗീബത്സിനു രാജാ ഹരിശ്ചന്ദ്രന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫി
വാസവദത്തക്ക് മദര്‍തെരേസാ പുരസ്കാരം
ദ്രൌപതിക്ക് ചൊവ്വാദോഷം
ഭീമസേനന് ധാതുക്ഷയം

പഞ്ചായത്ത് കെണറ്റില്‍ മാക്രികളുടെ സ്വതന്ത്ര സിമ്പോസിയം
അധ്യക്ഷന്‍ നീര്‍ക്കോലി നാരായണന്‍

അക്കാഡമി ഫെല്ലോഷിപ്പിനായി ബുദ്ധിജീവികളുടെ
സെക്രട്ടറിയേറ്റ് മാര്‍ച്ച്
ഓര്‍ഹാന്‍ പാമുക്ക് മനോരമ ചീഫ് എഡിറ്റര്‍

ഗൂഗിള് ബ്ലോഗറ് പൂട്ടി
ഞാന്‍ സ്വതന്ത്രനായി

കുതിരവട്ടത്തൂന്ന് എന്നെ തൊറന്നു വിട്ടു.

Friday, August 17, 2007

ഓര്‍മ്മയിലൊരോണം

ഓര്‍മ്മയിലൊരോണം വീണ്ടുമുണരുന്നു
തന്ത്രികളില്‍ തപ്പുതുടി താളമുയരുന്നു
കരളില്‍ പൂവള്ളി പൂത്തുവിടരുന്നു
കാലം മലര്‍ക്കുടകള്‍ മെല്ലെ നിവര്‍ത്തുന്നു

ഓണക്കനവില്‍ ലയിക്കുന്നു ഹൃത്തം
ഓണക്കാഴ്‌ചകള്‍ തേടുന്നു
മനസ്സിലെക്കിളി മെല്ലെയുണരുന്നു പിന്നെ-
യാവണിപ്പാടം പുല്‍കുന്നു


‘ഇല്ലം നിറ വല്ലം നിറ’ പാട്ടൊഴിഞ്ഞൂ-മണ്ണില്‍
പുളകമായ് പൊന്നോണം ചാര്‍ത്തണഞ്ഞൂ
പൂവിളി കേള്‍ക്കുന്നു, പൂക്കളം കാണുന്നു
പൂവാകമേലൂഞ്ഞാലാടുന്നൂ

ഓണത്തപ്പനെ കാക്കുന്നു മണ്ണ്
ഓണവെയിലില്‍ തുടിക്കുന്നു
ഓണമായോണമായ് പൂക്കുന്നു വിണ്ണ്
ഓണനിലാവ് പൊഴിക്കുന്നു

ഓളങ്ങള്‍ തല്ലിച്ചിരിക്കുന്നു തെയ് തെയ്
ഓടങ്ങളില്‍ ആര്‍പ്പ് നിറയുന്നു
ഓണക്കിനാവുകള്‍ മായുന്നു നെഞ്ചില്‍
നൊമ്പരം മെല്ലെ നിറയുന്നു

പാടുവാന്‍ പാട്ടുകളില്ലാഞ്ഞോ ഇന്ന്
കാണുവാന്‍ കാഴ്‌ചകളില്ലാഞ്ഞോ
മാവേലിമന്നാ പൊറുക്കേണം എന്‍
മനസ്സിലെപ്പൊന്‍കിളി മയങ്ങിപ്പോയ്...

Tuesday, July 31, 2007

മ‌അദനിയെ കുറ്റവിമുക്തനാക്കി

ഒടുവില്‍ അബ്ദുല്‍ നസര്‍ മ‌അദനിയെ കുറ്റവിമുക്തനാക്കി.
ജാമ്യം പോലും ലഭിക്കാത്ത അദേഹത്തിന്റെ പത്തു വര്‍ഷങ്ങള്‍!
ഒരു നിരപരാധിയുടെ പത്തു വര്‍ഷങ്ങള്‍!
സഹതപിക്കാം നമുക്ക് നിയമവാഴ്‌ച്ചയോട്...
സഹതപിക്കാം നമുക്ക്...

Sunday, July 29, 2007

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം...

മലയാളമണ്ണിനെ തൊട്ടറിഞ്ഞു കവിത തുളുമ്പുന്ന ഗാനങ്ങള്‍ രചിച്ചിരുന്ന മഹാരഥന്മാര്‍ക്കു ശേഷം മലയാള ചലച്ചിത്ര ഗാനശാഖ കൊയ്‌ത്തൊഴിഞ്ഞ പാടം പോലെ ശൂന്യമായിരുന്നു. അവിടവിടെയായി മുളക്കുന്ന പൊട്ടും കളയും കൊണ്ട് നാം തൃപ്‌തിപ്പെടുകയോ സ്വയം ശപിക്കുകയോ ഒക്കെ ചെയ്യുന്ന വര്‍ത്തമാന കാലം. പ്രതീക്ഷയുണര്‍ത്തി രംഗത്തെത്തിയ ചിലര്‍ക്ക് പുതുമഴയിലെ തകരയാവാനായിരുന്നു വിധി. അര്‍ത്ഥമില്ലാത്ത പദങ്ങള്‍ അസ്ഥാനത്ത് തിരുകിക്കയറ്റി പോര്‍വിളി നടത്തുന്ന ഗാനരചയിതാക്കളും ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുന്ന കാടന്‍ സംഗീതവുമായി ചില സംഗീതസംവിധായകരും. വയലാറിനും ഭാസ്‌കരന്‍ മാഷിനും ദേവരാജന്‍ മാഷിനും രാഘവന്‍ മാഷിനും രവീന്ദ്രന്‍ മാഷിനും ശേഷം ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സ്ഥിതിവിശേഷം.

നൈരാശ്യത്തിന്റെ ഊഷരഭൂമിയില്‍ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികളെ മനംകുളുര്‍പ്പിക്കുന്ന വസന്തകാലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഇന്നിതാ ഇവിടെ ഒരു കവി ഉണ്ടായിരിക്കുന്നു.

അറബിക്കഥ എന്ന ചിത്രത്തിലൂടെ അതിമനോഹരമായ ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച കായംകുളം പനച്ചൂര്‍ വീട്ടില്‍ അനില്‍ എന്ന അനില്‍ പനച്ചൂരാനാണ് മലയാളഗാനങ്ങളുടെ വസന്തകാലത്തേക്ക് നമ്മെ മടക്കിക്കൊണ്ടു പോകുന്നത്.

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം എന്നത് വെറുംവാക്കല്ല എന്ന് ഓരോവരിയിലൂടെയും കവി നമ്മെ ബോധ്യപ്പെടുത്തുന്നു. അനിലെന്ന കവിയെയും അനിലിന്റെ പ്രതിഭാവൈദഗ്‌ധ്യത്തെയും വളരെയടുത്ത് പരിചയമുള്ള ഞങ്ങള്‍ കായംകുളത്തുകാര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്- അനില്‍ പനച്ചൂരാന്‍ മലയാള ചലച്ചിത്ര ഗാനശാഖക്ക് ഒരു മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യുമെന്ന്.

ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമക്ക് വേണ്ടിയാണ് അനില്‍ പനച്ചൂരാന്‍ ആദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്നത്. ആ സിനിമയില്‍ അനില്‍ എഴുതിയ ഭ്രാന്തി എന്ന കവിത ജയരാജ് ഉപയോഗിച്ചിട്ടുണ്ട്. കായംകുളം ഗവണ്മെന്റ് ആശുപത്രി പരിസരത്തും മറ്റും കറങ്ങി നടന്നിരുന്ന ഒരു ഭ്രാന്തിക്ക് ഏതോ സാമൂഹ്യവിരുദ്ധര്‍ കുഞ്ഞിനെ സമ്മാനിച്ചപ്പോള്‍ അനില്‍ കവിതയിലൂടെ പ്രതികരിച്ചു.

“ഇടവമാസപ്പെരുമഴ പെയ്ത രാവില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നൂ
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍ പതിഞ്ഞൂ
തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍
ഇരുളും തുരന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോളറിയാതെയിട നെഞ്ച് തേങ്ങി

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടൂ
ന‌ഗ്നയാമവളുടെ തുട ചേര്‍ന്ന് പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും
............................................
............................................
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍ നിലാവില്ലാ
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു പോയവള്‍ നോവും നിറമാറുമായി
.............................................
.............................................
ഭരണാധിവര്‍ഗ്ഗങ്ങളാരുമറിഞ്ഞില്ല ഉദരത്തിനുള്ളിലെ രാസമാറ്റം
ഉലകത്തിലൊക്കെയും തകിടം മറിയുന്ന ഭരണത്തിലല്ലയോ നോട്ടം
..............................................
....................................................“

സായാഹ്നക്കൂട്ടായ്‌മയിലും കവിയരങ്ങുകളിലും അനില്‍ കവിത ചൊല്ലി ഞങ്ങളെ ആവേശഭരിതരാക്കിയിരുന്നു.

“പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം കൊഴിഞ്ഞു പോയി...
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി”

പ്രവാസിയുടെ നൊമ്പരം വാക്കുകളില്‍ സ്വാംശീകരിച്ച് അനില്‍ അക്കാലത്തെഴുതിയ കവിതയാണ് അറബിക്കഥയില്‍ തേനൂറും ശബ്‌ദത്തില്‍ ഗാനഗന്ധര്‍വ്വന്‍ ആലപിച്ചിരിക്കുന്ന തിരികേ മടങ്ങുവാന്‍ എന്ന ഗാനം.

“തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരിക്കെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തായം തണുപ്പും ഞാന്‍ കണ്ടു“

നമ്മുടെ നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ അതീവ ഹൃദ്യവും ലളിതവുമായ വരികള്‍.

“താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങ് ദൂരെ
വാടാമലരുകള്‍ വിടരും പാടം നെഞ്ചില്‍ ഇട നെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം
ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളി പോലൊരു കൊയ്‌ത്തരിവാളുണ്ടോ...
കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ...”

പ്രണയം വാടാമലരാണെന്ന സങ്കല്‍പ്പം. ഇവിടെ കൊയ്‌ത്തരിവാള്‍ അറബിക്കഥ എന്ന സിനിമ ആവശ്യപ്പെടുന്ന ഒരു പ്രതീകവുമാണ്. “പൊന്നരിവാളമ്പിളിയില്‍“ എന്ന ഗാനത്തിന്റെ പശ്ചാത്തലം സംഗീതസംവിധായകന്‍ ഈ പാട്ടിന്റെ തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്നു.

ഈ സിനിമയില്‍ ഒരു വിപ്ലവഗാനമുണ്ട്. അനില്‍ തന്നെയാണ് അത് പാടി അഭിനയിച്ചിരിക്കുന്നത്. വിപ്ലവത്തിനു എന്തു പ്രസക്തി എന്ന ചോദ്യമുയരുന്ന കാലമാണെങ്കിലും പഴയ വിപ്ലവസ്‌മരണകളെ ജ്വലിപ്പിച്ച് നമ്മെ കോള്‍മയിര്‍ കൊള്ളിക്കാന്‍ ഈ കവിതക്ക് കഴിയുന്നു. തോപ്പില്‍ ഭാസിയും വയലാറുമൊക്കെ കെപി‌എസി എന്ന നാടകക്കളരിയിലൂടെ ജ്വലിപ്പിച്ച വിപ്ലവം. കെപി‌എസിയുടെ നാട്ടുകാരന്‍ അവര്‍ക്ക് പിന്മുറക്കാരനാകുന്നു എന്നത് കാലത്തിന്റെ ഓര്‍മ്മപുതുക്കലാവാം.

“ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ...
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..


മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്..
കാരിരുമ്പിലെ തുരുമ്പ് മായ്‌ക്കണം ജയത്തിനായ്..

നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ട് പോയ ജന്മികള്‍ ചരിത്രമായ്..
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍,
പോരടിച്ചു കൊടി പിടിച്ച് നേടിയതീ മോചനം..

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍,
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ..?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസുകള്‍
കണ്ണു നീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ..?


പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുചേര്‍ക്കുകിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം,നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം..

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം..
നാള്‍ വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം..
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്കു സ്വപ്നമൊന്നു തന്നെയന്നുമിന്നുമെന്നുമേ... “

സംഗീത സംവിധാനം നിര്‍വ്വഹിച്ച ബിജിബാല്‍ പ്രതീക്ഷയുണര്‍ത്തുന്നു. ഫാസ്റ്റ് നമ്പറുകളുടെ ഇക്കാലത്ത് മെലോഡി ‘പരീക്ഷിച്ച് ‘ വിജയിച്ച ബിജിബാലിന്റെ ധൈര്യം, താരതമ്യേന നവാഗതരായ അനില്‍ പനച്ചൂരാനിലും ബിജിബാലിലും വിശ്വാ‍സമര്‍പ്പിച്ച ലാല്‍ ജോസിന്റെ ധൈര്യം...

ഈ ധൈര്യമാണ് നമുക്ക് കേള്‍ക്കാനും ഓര്‍ക്കാനും സുഖമുള്ള ചില ഗാനങ്ങള്‍ സമ്മാനിച്ചത്.

Saturday, July 21, 2007

കൂട്ടക്കൊലക്കിടയിലെ ചെങ്കൊടി വര്‍ണ്ണം!!!

Sunday, July 15, 2007

ചിക്കന്‍ അല്ല ചിക്കുന്‍ സോറി ചിഗുണ്‍ ഗുനിയ.

നാട് പനിച്ചൂടില്‍ തിളക്കുകകയാണ്. ചിഗുണ്‍ ഗുനിയ, പകര്‍ച്ചപ്പനി, തക്കാളിപ്പനി, പേരറിയാപ്പനി...
പനിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സര്‍ക്കാരും ജനങ്ങളും.

പനിനിവാരണത്തിനും പ്രതിരോധത്തിനും വ്യക്തമായ മാര്‍ഗ്ഗമില്ലാതെ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാരും കൊതുകു നശീകരണത്തിലും പരിസരശുചീകരണത്തിലും അലംഭാവം കാട്ടുന്ന ജനങ്ങളും.

ശുചീകരണ യജ്ഞങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ മറക്കുന്ന ഒരു കാര്യമുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനം കൊണ്ടു മാത്രം ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാന്‍ കഴിയില്ല എന്നതാണത്.
ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന ഈഡിസ് സ്പീഷിസില്‍പ്പെട്ട കൊതുകുകള്‍ മുട്ടയിടുന്നത് മലിനജലത്തിലല്ല; കൃത്രിമമായ സ്രോതസ്സുകളില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് .സ്വാഭാവിക ജലസ്രോതസ്സുകളായ കിണര്‍, കുളം എന്നിവടങ്ങളില്‍ ഇവമുട്ടയിടാറില്ലെന്നത് പ്രകൃതിയുടെ സംരക്ഷണമാണെന്നു തോന്നുന്നു. 10 മില്ലിഗ്രാം ജലത്തില്‍ 200 മുട്ടകള്‍ വരെ ഇവ ഇടാറുണ്ട്.

നമ്മുടെ പറമ്പില്‍ കിടക്കുന്ന ഒരു കുപ്പിയുടെ അടപ്പ്, സൈക്കിള്‍ ടയര്‍, മണ്‍പാത്രങ്ങള്‍, ചിരട്ട, തൊണ്ട്, പൈപ്പ് ഇങ്ങനെ മഴവെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളിടത്തൊക്കെ ഈ കൊതുകള്‍ മുട്ടയിടുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഈ കൊതുകുകള്‍ പെരുകുവാന്‍ കാരണം റബ്ബര്‍മരങ്ങളിലെ ചിരട്ടകളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതാണ്. കറുപ്പുനിറം ഈ കൊതുകകളെ ആകര്‍ഷിക്കുകയും ചെയ്യും.

ആയതിനാല്‍ ഇങ്ങനെ ശുദ്ധജലം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുകയും അത്തരം സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ് പ്രധാനമായും വേണ്ടത്. എന്റെ വീടിന്റെ പരിസരത്ത് ഇത്തരം സ്ഥലം ഞാന്‍ കണ്ടെത്തിയപ്പോള്‍ കൂത്താടിയെ കണ്ട് ഞെട്ടിപ്പോയി.

വ്യക്തിശുചിത്വത്തില്‍ മുന്നിലും പരിസരശുചിത്വത്തില്‍ അപകടകരമാം വിധം പിന്നിലുമായ മലയാളി സമൂഹം നമ്മുടെ പരിസരം നിരീക്ഷിച്ച് വേണ്ട മുന്‍‌കരുതലുകള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Wednesday, June 13, 2007

സി.പി.ഐക്കാരെ കണ്ടാല്‍ കുളിക്കുക.

ഇന്ത്യാ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറ്റവും അഴിമതിക്കാരും ജനവഞ്ചകരും മാഫിയ സഹയാത്രികരും
അധികാരദുര്‍മ്മോഹികളും സി.പി.ഐ എന്ന വലതുപക്ഷ കമ്മ്യൂണിസ്റ്റുകള്‍ ആണെന്ന വസ്തുത ഒരിക്കല്‍ കൂടി
തെളിയിക്കപ്പെട്ടിരിക്കുകയാണ് മൂന്നാര്‍ സംഭവങ്ങളിലൂടെ.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്‌ക്കളാണിവര്‍. സിപിഐ നേതാക്കള്‍ വിനയവാന്മാരും സദ്‌ഗുണ സമ്പന്നരുമാണെന്ന ഒരു ധാരണ പണ്ടെനിക്കുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ മനഃപൂര്‍വ്വം സൃഷ്‌ടിക്കുന്ന ഇമേജ് മാത്രമാണെന്നാണ് ആത്മനിന്ദ പെരുത്ത് സിപിഐയില്‍ പുറത്തുചാടി സായൂജ്യം നേടിയ ഒരു നേതാവ് എന്നോട് നേരിട്ടു പറഞ്ഞത്.

മൂന്നാറില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ സ്വീകരിച്ച ധീരമായ നടപടികള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ സിപിഐക്കാര്‍ കാണിക്കുന്ന
പരാക്രമം സാധാരണ ജനങ്ങള്‍ അങ്ങേയറ്റം വെറുപ്പോടെയാണ് വീക്ഷിക്കുന്നത്. ചെകുത്താനും കടലിനുമിടക്കായ
ശ്രീ.അച്യുതാനന്ദന്‍ നടത്തിയ ചെറിയ അഡ്‌ജസ്റ്റുമെന്റുകള്‍ മാപ്പര്‍ഹിക്കുന്നു. ഒരു പാര്‍ട്ടി ആപ്പീസ് പൊളിക്കാതിരുന്നാല്‍ നിരവധി റിസോര്‍ട്ടുകള്‍ പൊളിക്കാമല്ലോ...

ഒത്തിരി മുടിയുള്ളയാളെയും ഒട്ടും മുടിയും വെളിവുമില്ലാത്ത ആളെയും കാണുമ്പോള്‍ ചാണകവെള്ളമെന്ന പുണ്യാഹം തളിച്ച്
ശുദ്ധികലശം നടത്താന്‍ ജനം കാത്തിരിക്കുന്നുണ്ട് ; അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലേക്കു ഇവര്‍ വരട്ടെ... കേരളരാഷ്ട്രീയത്തിന്റെ ചവറ്റുകുട്ടയില്‍ പോലും ഈ പരിഷകള്‍ക്ക് സ്ഥാനമുണ്ടായിരിക്കുകയില്ല.

Monday, May 7, 2007

ഇന്‍ഡോ‌-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനി.

ഇത്രയും നാള്‍ വിലകുറഞ്ഞ ചിന്തകളും വിലവാരമില്ലാത്ത കുറിപ്പുകളുമൊക്കെയായി ബൂലോഗത്തെ മക്കാറാക്കിയതിനാലാവണം എന്റെ ബ്ലോഗില്‍ കമന്റുകള്‍ കുന്നുകൂടിയിട്ടില്ല. പുതിയ ട്രെന്റായ പചകമെഴുതീട്ടും ഫലമില്ല. ഇപ്പോള്‍ എനിക്കൊന്നു മനസ്സിലായി. സകലര്‍ക്കും അത്യന്തം പ്രയോജനമുള്ളതും ഗുണകരവും ബുദ്ധിപരവും ആസ്വാദ്യകരവും സര്‍വ്വോപരി ബൂലോഗചിട്ടവട്ടങ്ങള്‍ മാനിച്ചുകൊണ്ടുള്ളതുമായ കുറിപ്പുകള്‍ക്കേ കമന്റ് വീഴൂ എന്നെനിക്കു ബോധ്യപ്പെട്ടു. എന്റെ പിഴ എന്റെ വല്യ പിഴ...

ആയതിനാല്‍ ഏവര്‍ക്കും സുസ്വീകര്യമാകുന്ന ഒരു പാചകവിധിയാണ് ഞാനിവിടെ പറയുന്നത്..ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് എനിക്ക് 100% ഉറപ്പുണ്ട്...ഞാന്‍ വാഴ്ത്തപ്പെടും. ശരി പാചകത്തിലേക്ക് കടക്കാം.

ഇന്‍ഡോ‌-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനി.

വേണ്ട സാധനങ്ങള്‍
1. അറക്കപ്പൊടി - 750 ഗ്രാം
കണ്ണന്‍ ചിരട്ട (ഇടത്തരം) - 3
റബ്ബറ് വെറക് - 2 കൊള്ളി

2. മണ്ണെണ്ണ - 3 റ്റീസ്പൂണ്‍
3. ചളുങ്ങിയ അലുമിനിയം കലം - 1
4. ശുദ്ധമായ പച്ചവെള്ളം - 5 1/2 ഗ്ലാസ്സ്
(കൊച്ചിക്കാര്‍ക്ക് ഈ സാധനം വേണമെങ്കില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ പോളിത്തീന്‍ കവറില്‍

വിപിപി ആയി അയച്ചു തരുന്നതാണ്).
5. ലിപ്‌ടണ്‍ റ്റീ ബാഗ് - 1
6. പിഴിഞ്ഞ നാരങ്ങയുടെ തോട് - 1 (സറുവത്ത് വിക്കണ കടേന്ന് സൌജന്യമായി ലഭിക്കും)
7. പഞ്ചസാര - വേണ്ട.


പാകം ചെയ്യുന്ന വിധം.

ഒന്നാമത്തെ ചേരുവകള്‍ ഒരു അടുപ്പിലിട്ടു 3 റ്റീസ്പൂണ്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുക.
അലുമിനിയം ചരുവ, അടുപ്പില്‍ വെച്ച് ഒന്നര ഗ്ലാസ്സ് വെള്ളമൊഴിച്ച് വെട്ടിത്തിളപ്പിക്കുക.
നന്നയി തിളച്ചാല്‍ വാ‍ങ്ങിവെക്കുക. ഇതിലേക്ക് ലിപ്‌ടണ്‍ റ്റീ ബാഗ് ഇട്ട് നന്നായി ഞെക്കിപ്പിഴിഞ്ഞ് ചാറെടുക്കുക. ഇത് ആദ്യം താഴെ
ചിത്രത്തിലേത് പോലെ ഒരു അളവു പാത്രത്തിലൊഴിക്കുക. ചിത്രത്തിലേത് പോലെ അയിരിക്കും നിറവും.




ഈ മിശ്രിതത്തിലേക്ക് നേരത്തേ കരുതി വെച്ചിരിക്കുന്ന പിഴിഞ്ഞ നാരങ്ങയുടെ തോട്

ഇട്ട് നന്നായി ഇളക്കുക.
ശേഷം ബാക്കി നാലര ഗ്ലാസ്സ് വെള്ളം കൂടി ആഡ്ഡ് ചെയ്യുക. മറ്റു ഗ്ലാസ്സുകളിലേക്ക് പകര്‍ത്തുക.


ചിത്രം ശ്രദ്ധിക്കുക. ഇളം സ്വര്‍ണ്ണനിറത്തില്‍ ഇന്‍ഡോ‌-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനി



റെഡി. ചൂടോടേ സെര്‍വ്വ് ചെയ്യുക.

Sunday, May 6, 2007

കൊതിയൂറും മത്തി പൊള്ളിച്ചത്

ചേരുവകള്‍
1.നല്ല നെയ്‌മത്തി - 10 എണ്ണം
2.വാഴയില - ആവശ്യത്തിനു
3. മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളകു പൊടി - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടെസ്പൂണ്‍
ഉപ്പ് - പാകത്തിന്
4. എണ്ണ - പാകത്തിന്
പാകം ചെയ്യുന്ന വിധം
നല്ല സൊയമ്പന്‍ മത്തി നന്നായി വെട്ടിക്കഴുകി വരഞ്ഞ് വെക്കുക. മൂന്നാമത്തെ ചേരുവകള്‍ ഇത്തിരി വെള്ളത്തില്‍ കലക്കി അരപ്പാക്കുക. ഈ അരപ്പ് മത്തിയില്‍ പുരട്ടി 10 മിനുട്ട് വെക്കുക. പരന്ന ചീനച്ച്ട്ടിയില്‍ അല്പം എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ഓരോമത്തിയായി വഴയിലയില്‍ പൊതിഞ്ഞ് ചീനച്ചട്ടിയില് വെച്ച് അടപ്പു കൊണ്ട് മൂടുക. ഒരു ഭാഗം വേവുമ്പോള്‍

Thursday, May 3, 2007

കേഴുക പ്രിയനാടേ...കേഴുക മാനവരേ...

മുരിങ്ങൂര്‍ ധ്യാനകേന്ദ്രം, ചാത്തന്‍ മഠങ്ങള്‍, ചികിത്സാ ജാറങ്ങള്‍, വ്യാജ സിദ്ധന്മാര്‍, അമ്മമാരും ആശ്രമങ്ങളും ആള്‍ദൈവങ്ങളും...
കേഴുക പ്രിയനാടേ
കേഴുക മാനവരേ...

Monday, April 30, 2007

സംഗീതപ്പെരുമഴ

ഇപ്പം കേരളത്തില്‍ പാട്ടുകാരെ മുട്ടാണ്ട് നടക്കാന്‍ വയ്യ എന്നായിരിക്ക്‍ണൂ.
ചാനലായ ചാനലിലെല്ലാം സംഗീതോത്സവങ്ങള്‍, മത്സരങ്ങള്‍, ഡെപ്പാങ്കൂത്തുകള്‍...
മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയ സിനിമകളെല്ലാം പൌപ്പത്ത് പ്രാവശ്യം എല്ലാ ചാനലുകളും കൂടി കാണിച്ചിട്ടുണ്ടാവും.
പിന്നെ സമയം നിറക്കാന്‍ പാട്ടും പാട്ടു മത്സരങ്ങളും.
പാട്ട് സിനിമ, സിനിമ പാട്ട്, പാട്ട് സിനിമ
കല്പവൃക്ഷമായ തെങ്ങിന്റെ ഒരു ഭാഗവും കളയില്ല എന്ന പോലെയാണ് സിനിമയും പാട്ടും ചാനലില്‍ നിറയുന്നത്.
പാ‍ട്ട് തേങ്ങയായും പാട്ട് കരിക്കായും പാട്ട് കൊപ്രയായും പാട്ട് വെളിച്ചെണ്ണയായും പാട്ട് ഓലയായും പാട്ട് ഈര്‍ക്കിലിയായും പാട്ട് കൊതുമ്പായും പാട്ട് മച്ചിങ്ങയായും പാട്ട് പൂക്കുലയായും പാട്ട് പട്ടയായും (തെങ്ങിന്‍ പട്ട) പാട്ട് തടിയായും പാട്ട് പൊറ്റയായും ചാനലുകാര്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നു.
ഒരു പാട്ടും ഒന്നരമില്യണ്‍ പരിപാടികളും.
മത്സരങ്ങള്‍ ആഹ!
ഗന്ധര്‍വ്വ സംഗീതം, ഐഡിയ സ്റ്റാര്‍ സിംഗര്‍, മൈനസ് ട്രാക്ക്, ലിറ്റില്‍ മാസ്റ്റര്‍, സൂപ്പര്‍സ്റ്റാര്‍, മൂസിക്കല്‍ ചെയര്‍, സരിഗമപ, പധനിസ ഗാ...
അപ്പം പറഞ്ഞു വന്നത് മത്സരാര്‍ത്ഥികളേ സഹിക്കാം...
ഈ ജഡ്‌ജിമാരെ സഹിക്കണ കാര്യം....
ഹെന്റ ദൈവമേ! ഞങ്ങള്‍ക്കായി അങ്ങ് ഈ സാധനങ്ങളെ ഏതു പാതാളത്തില്‍ നിന്ന് അവതരിപ്പിച്ചു പ്രഭോ?!
ഏതെങ്കിലും ചാനലില്‍ എപ്പളെങ്കിലും 3 വരി പാടിയതിന്റെ പേരില്‍ ജഡ്‌ജിയായ,
സംഗീത സാഗരം നീന്തിക്കടന്ന, സര്‍വ്വം തികഞ്ഞ ഈ മഹാ സംഗീതജ്ഞരുടെ അഭിപ്രായപ്രകടനങ്ങളുടെയും ഉപദേശങ്ങളുടെയും മുന്നില്‍ പകച്ചു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ രൂപം സ്വപ്നത്തില്‍ പോലും എന്നെ വേട്ടയാടുന്നു.
ആകയാല്‍ ഒരു നിര്‍ദ്ദേശം മാത്രം.
പുതിയൊരു സംഗീത മത്സരം കൂടി നടത്തുക.
കുരുന്നു മക്കളും ഈ ജഡ്‌ജിമാരും മത്സരത്തില്‍ പങ്കെടുക്കട്ടെ.
ദക്ഷിണാമൂര്‍ത്തി സ്വാമിയും ഇളയരാജയും വിധികര്‍ത്താക്കളാകട്ടെ...
ജഡ്‌ജിമാരില്‍ പലരും ആദ്യറൌണ്ടില്‍ പുറത്തായില്ലെങ്കില്‍...
ദേ, ഈ സംഗീതപരിപാടി മുഴുവന്‍ റെക്കോഡ് ചെയ്ത് എന്നെ കാണിച്ചോളൂ...

Sunday, March 25, 2007

മലയാളി ഒരു നിര്‍വ്വചനം

ശ്രീ.അല്‍‌ഫോണ്‍‌സ് കണ്ണന്താനവുമായി ശ്രീ.ഏബ്രഹാം മാത്യു നടത്തിയ
ഒരഭിമുഖം ഇന്നലെ റ്റി.വിയില്‍ കണ്ടു.
കൌതുകത്തോടെ ശ്രദ്ധിച്ച രസകരമായ ഒരു ഭാഗം ബൂലോഗമലയാളി സമക്ഷം അവതരിപ്പിക്കുന്നു.
ഏബ്രഹാം മാത്യുവിന്റെ ചോദ്യം:
“മലയാളിയെ അങ്ങ് എങ്ങനെ നിര്‍വ്വചിക്കുന്നു?”
“മലയാളിയോ? മലയാളി മിടുക്കനല്ലേ. ഏറ്റവും ബുദ്ധിശാലി. അവന്‍ പോപ്പിനെ

കുര്‍ബാന പഠിപ്പിക്കും. പ്രധാനമന്ത്രിയെ ഭരിക്കാന്‍ പഠിപ്പിക്കും. ഗവണ്മെന്റ് എങ്ങനെ

പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കും. എന്നട്ടോ, പ്രഭാതം മുതല്‍ പ്രദോഷം വരെ

ആര്‍ക്കെല്ലാം പാര വെക്കണോ അവര്‍ക്കെല്ലാം അവന്‍ പാര വെച്ചിരിക്കും.



ആരെക്കുറിച്ചെല്ലാം പരദൂഷണം പറയാമോ അതെല്ലാം പറഞ്ഞിരിക്കും. രാത്രി ഒരു

സ്മോളും (ഇവിടുത്തെ സ്മോളെന്നാല്‍ ലാര്‍ജ്ജാണേ!) വിട്ട് നാളെ വെക്കേണ്ട

പാരകളെക്കുറിച്ച് പദ്ധതി ആലോചിക്കും.
മലയാളിക്ക് പെണ്ണെന്നാല്‍ കേവലം ലൈംഗികതക്കുള്ള ഒരു മെക്കാനിസം മാത്രമാ‍ണ്.

ഒരാണും പെണ്ണും ഒന്നു മിണ്ടിപ്പോയാല്‍ ഗര്‍ഭം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ മലയാളി

ഉണ്ടാക്കിയിരിക്കും’‘

Friday, March 23, 2007

സമയമാം രഥത്തിലാ ക്രിക്കറ്റ് യാത്ര ചെയ്യുന്നൂ...

ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും നാണംകെട്ട തോല്‍‌വിയോടെ ഇന്ത്യ പുറത്തായതില്‍ എനിക്കുള്ള അടക്കാനാവാത്ത ആഹ്ലാദം ബൂലോഗരുമായി പങ്കുവെക്കട്ടെ.
നൂറു കോടി ജനതയെ ആലസ്യത്തിന്റെ ആഴക്കയങ്ങളിലേക്ക് ആപതിപ്പിക്കുന്ന ക്രിക്കറ്റെന്ന കിറുക്കന്‍ കളി നശിക്കേണ്ടത് ആധുനിക ഇന്ത്യയുടെ ഏറ്റവും ബലിയ ആവശ്യമാണ്. വാതുവെപ്പുകാരും മാഫിയയും കളം വാഴുന്ന ക്രിക്കറ്റിന്‍ യാത്രാമംഗളം ചൊല്ലാം നമുക്ക്.

Wednesday, March 7, 2007

ഹര്‍ത്താല്‍

കേരളത്തിലിന്നും ഹര്‍ത്താല്‍. (എന്നാ അല്ലാത്തേന്ന് സാന്‍ഡോസ്!)
രാഷ്‌ട്രപുരോഗതിയെ പിന്നോട്ടടിക്കുന്ന പ്രതിലോമകരമായ ഈ കാടന്‍ സമരരീതിക്കെതിരേ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ പ്രതികരിക്കൂ ബൂലോഗമേ...

Sunday, March 4, 2007

പ്രതിഷേധം

ബ്ലോഗില്‍ നിന്നും ഉള്ളടക്കം മോഷ്ടിച്ച യാഹൂവിന്റെ മ്ലേച്ഛമായ നടപടിക്കെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു. മുഴുവന്‍ ബ്ലോഗേഴ്സിന്റെയും നന്മയെക്കരുതി.
ബ്ലോഗിംഗ് സന്തോഷത്തിനും മാനസികപിരിമുറുക്കം ഇല്ലായ്‌മ ചെയ്യുന്നതിനുമുള്ള ഉപാധിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാതെ സന്താപവും മന:സംഘര്‍ഷവും പ്രദാനം ചെയ്യാനുള്ളതല്ല. പറഞ്ഞു കേള്‍ക്കുന്ന പക്ഷക്കളികളില്‍ ചേരാനല്ല ഞാന്‍ ബ്ലോഗറായത്. ജീവിതത്തിലേയും ജോലിയിലെയും പിരിമുറുക്കത്തിനിടയില്‍ റിലാക്സ് ചെയ്യാന്‍ ഒരിടം. അത്രയേ ഉള്ളൂ.

Saturday, March 3, 2007

ഈ ആഴ്ച്ചത്തെ ചിന്ത...

(പെണ്ണൊരുത്തിയുടെ കുറിമാനം തുറന്നപ്പോള്‍ കനലില്‍ക്കാച്ചിയ വരികള്‍. തലച്ചോറ്‌ ചുട്ടുപഴുക്കാതിരിക്കുമോ? അവളുടെ സമ്മതത്തോടെ തന്നെ പോസ്റ്റുന്നു. കോപ്പിറൈറ്റിനുണ്ടോ കണവനും കാന്തനും!)


നരകത്തീയില്‍
സ്വര്‍ഗ്ഗക്കുളിരിനെ
സ്വപ്‌നം കണ്ട് കുളിര്‍ത്തോട്ടെ

പാഴ്‌മരുഭൂവില്‍
വസന്തനിര്‍വൃതി
വെറുതേയൊന്നു കൊതിച്ചോട്ടെ

എരിയും വെയിലില്‍
മേഘത്തണലായ്
നീ വരുമെന്ന് നിനച്ചോട്ടെ

വരണ്ട ഹൃത്തില്‍
അമൃതവര്‍ഷമായ്
കുളിരേകാന്‍ നീ വന്നാട്ടെ


വിരഹക്കടലില്‍
സ്നേഹത്തോണി
തുഴഞ്ഞു പ്രിയാ നീയണഞ്ഞാട്ടെ

ഘോരതമസ്സില്‍
ഒളിവിതറുന്നൊരു
ചന്ദ്രക്കലയായ് നിന്നാട്ടെ

പ്രണയത്താമര-
യിതളു വിടര്‍ത്താന്‍
കതിരവനായ് നീ ഉദിച്ചാട്ടെ

വിരഹിനി ഞാനിനി
നിന്നുടെ ഓര്‍മ്മയില്‍
മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
ഞാന്‍ മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
-ജെസ്സി

Tuesday, February 27, 2007

ക്ഷമ

ക്ഷമ ഭീരുത്തമാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു.
വില്ലിന്റെ ഞാണ്‍ പിന്നോട്ട് പിന്നോട്ട് പോകുന്നത് എന്തിനാണെന്ന് അവര്‍ അറിയുന്നില്ല.