Saturday, July 21, 2007
Sunday, July 15, 2007
ചിക്കന്‍ അല്ല ചിക്കുന്‍ സോറി ചിഗുണ്‍ ഗുനിയ.
നാട് പനിച്ചൂടില്‍ തിളക്കുകകയാണ്. ചിഗുണ്‍ ഗുനിയ, പകര്‍ച്ചപ്പനി, തക്കാളിപ്പനി, പേരറിയാപ്പനി...
പനിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സര്‍ക്കാരും ജനങ്ങളും.
പനിനിവാരണത്തിനും പ്രതിരോധത്തിനും വ്യക്തമായ മാര്‍ഗ്ഗമില്ലാതെ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാരും കൊതുകു നശീകരണത്തിലും പരിസരശുചീകരണത്തിലും അലംഭാവം കാട്ടുന്ന ജനങ്ങളും.
ശുചീകരണ യജ്ഞങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ മറക്കുന്ന ഒരു കാര്യമുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനം കൊണ്ടു മാത്രം ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാന്‍ കഴിയില്ല എന്നതാണത്.
ചിഗുണ്‍ ഗുനിയക്ക് കാരണമാകുന്ന ഈഡിസ് സ്പീഷിസില്‍പ്പെട്ട കൊതുകുകള്‍ മുട്ടയിടുന്നത് മലിനജലത്തിലല്ല; കൃത്രിമമായ സ്രോതസ്സുകളില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് .സ്വാഭാവിക ജലസ്രോതസ്സുകളായ കിണര്‍, കുളം എന്നിവടങ്ങളില്‍ ഇവമുട്ടയിടാറില്ലെന്നത് പ്രകൃതിയുടെ സംരക്ഷണമാണെന്നു തോന്നുന്നു. 10 മില്ലിഗ്രാം ജലത്തില്‍ 200 മുട്ടകള്‍ വരെ ഇവ ഇടാറുണ്ട്.
നമ്മുടെ പറമ്പില്‍ കിടക്കുന്ന ഒരു കുപ്പിയുടെ അടപ്പ്, സൈക്കിള്‍ ടയര്‍, മണ്‍പാത്രങ്ങള്‍, ചിരട്ട, തൊണ്ട്, പൈപ്പ് ഇങ്ങനെ മഴവെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളിടത്തൊക്കെ ഈ കൊതുകള്‍ മുട്ടയിടുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഈ കൊതുകുകള്‍ പെരുകുവാന്‍ കാരണം റബ്ബര്‍മരങ്ങളിലെ ചിരട്ടകളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതാണ്. കറുപ്പുനിറം ഈ കൊതുകകളെ ആകര്‍ഷിക്കുകയും ചെയ്യും.
ആയതിനാല്‍ ഇങ്ങനെ ശുദ്ധജലം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുകയും അത്തരം സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ് പ്രധാനമായും വേണ്ടത്. എന്റെ വീടിന്റെ പരിസരത്ത് ഇത്തരം സ്ഥലം ഞാന്‍ കണ്ടെത്തിയപ്പോള്‍ കൂത്താടിയെ കണ്ട് ഞെട്ടിപ്പോയി.
വ്യക്തിശുചിത്വത്തില്‍ മുന്നിലും പരിസരശുചിത്വത്തില്‍ അപകടകരമാം വിധം പിന്നിലുമായ മലയാളി സമൂഹം നമ്മുടെ പരിസരം നിരീക്ഷിച്ച് വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Posted by Ziya at 6:10 AM 5 comments
Wednesday, June 13, 2007
സി.പി.ഐക്കാരെ കണ്ടാല്‍ കുളിക്കുക.
ഇന്ത്യാ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറ്റവും അഴിമതിക്കാരും ജനവഞ്ചകരും മാഫിയ സഹയാത്രികരും
അധികാരദുര്‍മ്മോഹികളും സി.പി.ഐ എന്ന വലതുപക്ഷ കമ്മ്യൂണിസ്റ്റുകള്‍ ആണെന്ന വസ്തുത ഒരിക്കല്‍ കൂടി
തെളിയിക്കപ്പെട്ടിരിക്കുകയാണ് മൂന്നാര്‍ സംഭവങ്ങളിലൂടെ.
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്‌ക്കളാണിവര്‍. സിപിഐ നേതാക്കള്‍ വിനയവാന്മാരും സദ്‌ഗുണ സമ്പന്നരുമാണെന്ന ഒരു ധാരണ പണ്ടെനിക്കുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ മനഃപൂര്‍വ്വം സൃഷ്‌ടിക്കുന്ന ഇമേജ് മാത്രമാണെന്നാണ് ആത്മനിന്ദ പെരുത്ത് സിപിഐയില്‍ പുറത്തുചാടി സായൂജ്യം നേടിയ ഒരു നേതാവ് എന്നോട് നേരിട്ടു പറഞ്ഞത്.
മൂന്നാറില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ സ്വീകരിച്ച ധീരമായ നടപടികള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ സിപിഐക്കാര്‍ കാണിക്കുന്ന
പരാക്രമം സാധാരണ ജനങ്ങള്‍ അങ്ങേയറ്റം വെറുപ്പോടെയാണ് വീക്ഷിക്കുന്നത്. ചെകുത്താനും കടലിനുമിടക്കായ
ശ്രീ.അച്യുതാനന്ദന്‍ നടത്തിയ ചെറിയ അഡ്‌ജസ്റ്റുമെന്റുകള്‍ മാപ്പര്‍ഹിക്കുന്നു. ഒരു പാര്‍ട്ടി ആപ്പീസ് പൊളിക്കാതിരുന്നാല്‍ നിരവധി റിസോര്‍ട്ടുകള്‍ പൊളിക്കാമല്ലോ...
ഒത്തിരി മുടിയുള്ളയാളെയും ഒട്ടും മുടിയും വെളിവുമില്ലാത്ത ആളെയും കാണുമ്പോള്‍ ചാണകവെള്ളമെന്ന പുണ്യാഹം തളിച്ച്
ശുദ്ധികലശം നടത്താന്‍ ജനം കാത്തിരിക്കുന്നുണ്ട് ; അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലേക്കു ഇവര്‍ വരട്ടെ... കേരളരാഷ്ട്രീയത്തിന്റെ ചവറ്റുകുട്ടയില്‍ പോലും ഈ പരിഷകള്‍ക്ക് സ്ഥാനമുണ്ടായിരിക്കുകയില്ല.
Posted by Ziya at 9:03 PM 50 comments
Monday, May 7, 2007
ഇന്‍ഡോ-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനി.
ഇത്രയും നാള്‍ വിലകുറഞ്ഞ ചിന്തകളും വിലവാരമില്ലാത്ത കുറിപ്പുകളുമൊക്കെയായി ബൂലോഗത്തെ മക്കാറാക്കിയതിനാലാവണം എന്റെ ബ്ലോഗില്‍ കമന്റുകള്‍ കുന്നുകൂടിയിട്ടില്ല. പുതിയ ട്രെന്റായ പചകമെഴുതീട്ടും ഫലമില്ല. ഇപ്പോള്‍ എനിക്കൊന്നു മനസ്സിലായി. സകലര്‍ക്കും അത്യന്തം പ്രയോജനമുള്ളതും ഗുണകരവും ബുദ്ധിപരവും ആസ്വാദ്യകരവും സര്‍വ്വോപരി ബൂലോഗചിട്ടവട്ടങ്ങള്‍ മാനിച്ചുകൊണ്ടുള്ളതുമായ കുറിപ്പുകള്‍ക്കേ കമന്റ് വീഴൂ എന്നെനിക്കു ബോധ്യപ്പെട്ടു. എന്റെ പിഴ എന്റെ വല്യ പിഴ...
ആയതിനാല്‍ ഏവര്‍ക്കും സുസ്വീകര്യമാകുന്ന ഒരു പാചകവിധിയാണ് ഞാനിവിടെ പറയുന്നത്..ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് എനിക്ക് 100% ഉറപ്പുണ്ട്...ഞാന്‍ വാഴ്ത്തപ്പെടും. ശരി പാചകത്തിലേക്ക് കടക്കാം.
ഇന്‍ഡോ-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനി.
വേണ്ട സാധനങ്ങള്‍
1. അറക്കപ്പൊടി - 750 ഗ്രാം
കണ്ണന്‍ ചിരട്ട (ഇടത്തരം) - 3
റബ്ബറ് വെറക് - 2 കൊള്ളി
2. മണ്ണെണ്ണ - 3 റ്റീസ്പൂണ്‍
3. ചളുങ്ങിയ അലുമിനിയം കലം - 1
4. ശുദ്ധമായ പച്ചവെള്ളം - 5 1/2 ഗ്ലാസ്സ്
(കൊച്ചിക്കാര്‍ക്ക് ഈ സാധനം വേണമെങ്കില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ പോളിത്തീന്‍ കവറില്‍
വിപിപി ആയി അയച്ചു തരുന്നതാണ്).
5. ലിപ്‌ടണ്‍ റ്റീ ബാഗ് - 1
6. പിഴിഞ്ഞ നാരങ്ങയുടെ തോട് - 1 (സറുവത്ത് വിക്കണ കടേന്ന് സൌജന്യമായി ലഭിക്കും)
7. പഞ്ചസാര - വേണ്ട.
പാകം ചെയ്യുന്ന വിധം.
ഒന്നാമത്തെ ചേരുവകള്‍ ഒരു അടുപ്പിലിട്ടു 3 റ്റീസ്പൂണ്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുക.
അലുമിനിയം ചരുവ, അടുപ്പില്‍ വെച്ച് ഒന്നര ഗ്ലാസ്സ് വെള്ളമൊഴിച്ച് വെട്ടിത്തിളപ്പിക്കുക.
നന്നയി തിളച്ചാല്‍ വാങ്ങിവെക്കുക. ഇതിലേക്ക് ലിപ്‌ടണ്‍ റ്റീ ബാഗ് ഇട്ട് നന്നായി ഞെക്കിപ്പിഴിഞ്ഞ് ചാറെടുക്കുക. ഇത് ആദ്യം താഴെ
ചിത്രത്തിലേത് പോലെ ഒരു അളവു പാത്രത്തിലൊഴിക്കുക. ചിത്രത്തിലേത് പോലെ അയിരിക്കും നിറവും.
ഈ മിശ്രിതത്തിലേക്ക് നേരത്തേ കരുതി വെച്ചിരിക്കുന്ന പിഴിഞ്ഞ നാരങ്ങയുടെ തോട്
ഇട്ട് നന്നായി ഇളക്കുക.
ശേഷം ബാക്കി നാലര ഗ്ലാസ്സ് വെള്ളം കൂടി ആഡ്ഡ് ചെയ്യുക. മറ്റു ഗ്ലാസ്സുകളിലേക്ക് പകര്‍ത്തുക.
ചിത്രം ശ്രദ്ധിക്കുക. ഇളം സ്വര്‍ണ്ണനിറത്തില്‍ ഇന്‍ഡോ-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനി 
റെഡി. ചൂടോടേ സെര്‍വ്വ് ചെയ്യുക.
Posted by Ziya at 12:22 AM 21 comments
Sunday, May 6, 2007
കൊതിയൂറും മത്തി പൊള്ളിച്ചത്
ചേരുവകള്‍
1.നല്ല നെയ്‌മത്തി - 10 എണ്ണം
2.വാഴയില - ആവശ്യത്തിനു
3. മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളകു പൊടി - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടെസ്പൂണ്‍
ഉപ്പ് - പാകത്തിന്
4. എണ്ണ - പാകത്തിന്
പാകം ചെയ്യുന്ന വിധം
നല്ല സൊയമ്പന്‍ മത്തി നന്നായി വെട്ടിക്കഴുകി വരഞ്ഞ് വെക്കുക. മൂന്നാമത്തെ ചേരുവകള്‍ ഇത്തിരി വെള്ളത്തില്‍ കലക്കി അരപ്പാക്കുക. ഈ അരപ്പ് മത്തിയില്‍ പുരട്ടി 10 മിനുട്ട് വെക്കുക. പരന്ന ചീനച്ച്ട്ടിയില്‍ അല്പം എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ഓരോമത്തിയായി വഴയിലയില്‍ പൊതിഞ്ഞ് ചീനച്ചട്ടിയില് വെച്ച് അടപ്പു കൊണ്ട് മൂടുക. ഒരു ഭാഗം വേവുമ്പോള്‍
Posted by Ziya at 3:13 AM 15 comments
Thursday, May 3, 2007
കേഴുക പ്രിയനാടേ...കേഴുക മാനവരേ...
മുരിങ്ങൂര്‍ ധ്യാനകേന്ദ്രം, ചാത്തന്‍ മഠങ്ങള്‍, ചികിത്സാ ജാറങ്ങള്‍, വ്യാജ സിദ്ധന്മാര്‍, അമ്മമാരും ആശ്രമങ്ങളും ആള്‍ദൈവങ്ങളും...
കേഴുക പ്രിയനാടേ
കേഴുക മാനവരേ...
Posted by Ziya at 3:16 AM 12 comments
Monday, April 30, 2007
സംഗീതപ്പെരുമഴ
ഇപ്പം കേരളത്തില്‍ പാട്ടുകാരെ മുട്ടാണ്ട് നടക്കാന്‍ വയ്യ എന്നായിരിക്ക്‍ണൂ.
ചാനലായ ചാനലിലെല്ലാം സംഗീതോത്സവങ്ങള്‍, മത്സരങ്ങള്‍, ഡെപ്പാങ്കൂത്തുകള്‍...
മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയ സിനിമകളെല്ലാം പൌപ്പത്ത് പ്രാവശ്യം എല്ലാ ചാനലുകളും കൂടി കാണിച്ചിട്ടുണ്ടാവും.
പിന്നെ സമയം നിറക്കാന്‍ പാട്ടും പാട്ടു മത്സരങ്ങളും.
പാട്ട് സിനിമ, സിനിമ പാട്ട്, പാട്ട് സിനിമ
കല്പവൃക്ഷമായ തെങ്ങിന്റെ ഒരു ഭാഗവും കളയില്ല എന്ന പോലെയാണ് സിനിമയും പാട്ടും ചാനലില്‍ നിറയുന്നത്.
പാട്ട് തേങ്ങയായും പാട്ട് കരിക്കായും പാട്ട് കൊപ്രയായും പാട്ട് വെളിച്ചെണ്ണയായും പാട്ട് ഓലയായും പാട്ട് ഈര്‍ക്കിലിയായും പാട്ട് കൊതുമ്പായും പാട്ട് മച്ചിങ്ങയായും പാട്ട് പൂക്കുലയായും പാട്ട് പട്ടയായും (തെങ്ങിന്‍ പട്ട) പാട്ട് തടിയായും പാട്ട് പൊറ്റയായും ചാനലുകാര്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നു.
ഒരു പാട്ടും ഒന്നരമില്യണ്‍ പരിപാടികളും.
മത്സരങ്ങള്‍ ആഹ!
ഗന്ധര്‍വ്വ സംഗീതം, ഐഡിയ സ്റ്റാര്‍ സിംഗര്‍, മൈനസ് ട്രാക്ക്, ലിറ്റില്‍ മാസ്റ്റര്‍, സൂപ്പര്‍സ്റ്റാര്‍, മൂസിക്കല്‍ ചെയര്‍, സരിഗമപ, പധനിസ ഗാ...
അപ്പം പറഞ്ഞു വന്നത് മത്സരാര്‍ത്ഥികളേ സഹിക്കാം...
ഈ ജഡ്‌ജിമാരെ സഹിക്കണ കാര്യം....
ഹെന്റ ദൈവമേ! ഞങ്ങള്‍ക്കായി അങ്ങ് ഈ സാധനങ്ങളെ ഏതു പാതാളത്തില്‍ നിന്ന് അവതരിപ്പിച്ചു പ്രഭോ?!
ഏതെങ്കിലും ചാനലില്‍ എപ്പളെങ്കിലും 3 വരി പാടിയതിന്റെ പേരില്‍ ജഡ്‌ജിയായ,
സംഗീത സാഗരം നീന്തിക്കടന്ന, സര്‍വ്വം തികഞ്ഞ ഈ മഹാ സംഗീതജ്ഞരുടെ അഭിപ്രായപ്രകടനങ്ങളുടെയും ഉപദേശങ്ങളുടെയും മുന്നില്‍ പകച്ചു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ രൂപം സ്വപ്നത്തില്‍ പോലും എന്നെ വേട്ടയാടുന്നു.
ആകയാല്‍ ഒരു നിര്‍ദ്ദേശം മാത്രം.
പുതിയൊരു സംഗീത മത്സരം കൂടി നടത്തുക.
കുരുന്നു മക്കളും ഈ ജഡ്‌ജിമാരും മത്സരത്തില്‍ പങ്കെടുക്കട്ടെ.
ദക്ഷിണാമൂര്‍ത്തി സ്വാമിയും ഇളയരാജയും വിധികര്‍ത്താക്കളാകട്ടെ...
ജഡ്‌ജിമാരില്‍ പലരും ആദ്യറൌണ്ടില്‍ പുറത്തായില്ലെങ്കില്‍...
ദേ, ഈ സംഗീതപരിപാടി മുഴുവന്‍ റെക്കോഡ് ചെയ്ത് എന്നെ കാണിച്ചോളൂ...
Posted by Ziya at 2:13 AM 23 comments
